മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കെതിരെ ആരോപണം തുടർന്ന് പിവി അൻവർ എംഎൽഎ. എഡിഎം കെ നവീൻ ബാബുവിന്റെ മരണത്തിന് പിന്നിൽ പി ശശിയാണെന്നാണ് പിവി അൻവറിന്റെ ആരോപണം. പി ശശിക്ക് സംസ്ഥാനത്ത് വിവിധ ഇടങ്ങളിൽ പെട്രോൾ പമ്പുകൾ ഉണ്ടെന്നും പി. ശശിയുടെ ബിനാമിയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യയുടെ ഭർത്താവെന്ന് അൻവർ ആരോപിച്ചു.
എഡിഎം നവീൻ ബാബുവിന്റെ ട്രാൻസ്ഫർ തടഞ്ഞത് പി ശശിയുടെ നേതൃത്വത്തിലുള്ള ടീമാണെന്ന് അൻവർ പറയുന്നു. എഡിഎമ്മിനെ അഴിമതിക്കാരാനാക്കാൻ പി ശശിയുടെ നിർദേശ പ്രകാരമാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആ വേദിയിൽ എത്തിയെന്ന് അദ്ദേഹം ആരോപിച്ചു. പൊളിറ്റിക്കൽ സെക്രട്ടറിയെ ഈ നാട്ടിലെ ഗുണ്ടാ നേതാവായി വളർത്തുന്നത് സിപിഐഎം ആണെന്ന് അൻവർ വിമർശിച്ചു. വിഷയത്തിൽ ജുഡിഷൽ അന്വേഷണം വേണമെന്നും പോലീസ് അന്വേഷണം എവിടെയും എത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
എഡിഎം സത്യസന്ധനായി പ്രവര്‍ത്തിച്ചിരുന്നയാളാണ്. അമിതമായ പി ശശിയുടെ ഇടപെടല്‍ അദ്ദേഹം പലപ്പോഴും എതിര്‍ത്തിട്ടുണ്ട്. തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് നവീന്‍ ബാബു സ്ഥലംമാറ്റം ചോദിച്ചത്. മാറിപോകുന്ന ഘട്ടത്തിലാണ് എഡിഎമ്മിന് പണികൊടുക്കണമെന്ന് പി ശശി ആലോചിക്കുന്നത്. കൈക്കൂലിക്കാരനെന്ന് വരുത്തി തീര്‍ക്കാനായാണ് ജില്ലാ സെക്രട്ടറിയെ ഉപയോഗിച്ചത്.