ബോവിക്കാനം: കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഡിസംബർ 24 മുതൽ 30 വരെ പൊവ്വൽ ബ്ലോക്ക് പഞ്ചായത്ത് മൈതാനത്ത് സംഘടിപ്പിക്കുന്ന കാർഷിക പ്രദർശന വിപണനമേള വിജയിപ്പിക്കാൻ സംഘാടകസമിതിയായി. മേളയിൽ കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും, കാർഷിക യന്ത്രങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനവും വിപണനവും, പുഷ്‌പഫല സസ്യ സ്റ്റാളുകൾ, കാർഷിക ഉത്‌പാദന രംഗത്തെ നൂതന കണ്ടുപിടുത്തങ്ങൾ, കീടരോഗ നിയന്ത്രണ മാർഗ്ഗങ്ങൾ, മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ പ്രദർശനവും വിപണനവും എന്നിവയുണ്ടാകും. ആരോഗ്യം, വനം, അഗ്‌നിസേന, വ്യവസായം, തൊഴിലുറപ്പ് പദ്ധതി, ഡയറി, മൃഗ സംരക്ഷണം എന്നി വകുപ്പുകളുടെ സ്റ്റാളുകൾ മേളയിലുണ്ട്. സെമിനാറുകൾ, സാംസ്‌കാരിക സമ്മേളനങ്ങൾ, വിവിധ തരം ഫുഡ് കോർട്ടുകൾ, വിനോദ പരിപാടികൾ എന്നിവയുണ്ടാകും. മന്ത്രിമാർ, എംപി, എംഎൽ എമാർ, കലാസാംസ്‌കാരിക-ശാസ്ത്രസാങ്കേതിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുക്കും. കാർഷിക മേഖലയിലെ പ്രമുഖരെ ആദരിക്കൽ, മാലിന്യ നിർമ്മാർജ്ജനം, സംസ്ക്കരണം എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാളുകൾ, ക്ലാസുകൾ എന്നിവയും മേളയുടെ ഭാഗമായിട്ടുണ്ട്. പൊവ്വൽ ബ്ലോക്ക് ഹാളിൽ നടന്ന സംഘാടകസമിതി യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിജിമാത്യു അധ്യക്ഷനായി. പടന്നക്കാട് കാർഷിക കോളേജ് പ്രിൻസിപ്പൽ സുരേഷ്, മുളിയാർ പഞ്ചായത്ത് പ്രസിഡന്റ് പി വി മിനി, കുറ്റിക്കോൽ പഞ്ചായത്ത് പ്രസിഡന്റ് എച്ച് മുരളി, എം മാധവൻ, കെ ബി മുഹമ്മദ് കുഞ്ഞി, അശോകൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് വികസന സ്ഥിരംസമിതി ചെയർമാൻ ബി കെ നാരായണൻ സ്വാഗതവും എഡിഎ എ വിനോദിനി നന്ദിയും പറഞ്ഞു. ഭാരവാഹികൾ : സിജി മാത്യു (ചെയർമാൻ), എ വിനോദിനി (ജനറൽ കൺവീനർ), എൻ എ മജീദ് (കോഡിനേററ്റർ).