The Times of North

Breaking News!

വീഡിയോഗ്രാഫർമാർ ധർണ്ണാ സമരം സംഘടിപ്പിച്ചു   ★  പ്രശസ്ത വാർത്താ പ്രക്ഷേപകൻ എം രാമചന്ദ്രൻ അന്തരിച്ചു   ★  മുസ്ലിം ലീഗ് പ്രവർത്തകർ റോഡ് നന്നാക്കി   ★  മഞ്ചേശ്വരം കോഴക്കേസിൽ കെ സുരേന്ദ്രന് ആശ്വാസം വിടുതൽ ഹരജി അംഗീകരിച്ചു   ★  വൈദ്യുതി ഉപഭോക്തൃ സംഗമം സംഘടിപ്പിച്ചു.   ★  എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ നിന്നും 26  പവന്‍ മോഷണം പോയി   ★  സിബിഐയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും നാല് ലക്ഷം തട്ടിയെടുത്തു   ★  കാലിച്ചാമരം പള്ളപ്പാറയിലെ കള്ളിപ്പാൽ വീട്ടിൽ കല്യാണിയമ്മ അന്തരിച്ചു   ★  വന്യമൃഗ ശല്യം : ഫോറസ്റ്റ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി   ★  അഴിത്തല അങ്കണവാടി ബീച്ച് റോഡ് നവീകരണത്തിന് 59.70 ലക്ഷം അനുവദിച്ചു

നഗരസഭാ മന്ദിരത്തിന് മുന്നിലെ പ്രതിപക്ഷ സമരം രാഷ്ട്രീയ നാടകം: ചെയർപേഴ്സൺ

 


നീലേശ്വരം നഗരസഭയിൽ ഒരു പ്രതിപക്ഷമുണ്ടെന്ന് നാട്ടുകാരെ വിളിച്ചറിയിക്കാനുള്ള രാഷ്ട്രീയനാടകമാണ്   നഗരസഭാ മന്ദിരത്തിന്  മുന്നിൽ പ്രതിപക്ഷം നടത്തിയ കുത്തിയിരിപ്പ് സമരം എന്ന് നഗരസഭ ചെയർപേഴ്സൺ ടിവി ശാന്ത വാർത്താക്കുറിപ്പിൽ അറിയിച്ചു . തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സന്ദർഭത്തിൽ ജനങ്ങളുടെ  കണ്ണിൽ പൊടിയിടുന്നതിന് വേണ്ടിയുള്ള  ഈ രാഷ്ട്രീയ സ്റ്റണ്ട്നാടകം ജനം അർഹിക്കുന്ന പരിഹാസത്തോടെ തള്ളിക്കളയും.
രാഷ്ട്രീയ പക്ഷപാതിത്വമില്ലാതെയാണ് നഗരസഭയിൽ വികസനം നടപ്പാക്കി വരുന്നത്.  തീരദേശ മേഖലയിലുൾപ്പെടെ ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
നീലേശ്വരത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമായ ആധുനിക ബസ്റ്റാൻഡ് കം ഷോപ്പിംഗ്  കോംപ്ലക്സ് അതിവേഗം നിർമ്മാണം പൂർത്തിയായി  വരികയാണ്.
കേരളത്തിലെ ഏറ്റവും വലിയ മുനിസിപ്പൽ ഓഫീസ് കെട്ടിടമായി മാറിയ നീലേശ്വരം നഗരസഭയുടെ പുതിയ ആസ്ഥാനമന്ദിരം  ഉദ്ഘാടനം ചെയ്യപ്പെട്ട ശേഷം നഗരസഭയിൽ നിന്നുള്ള സേവന പ്രവർത്തനങ്ങൾ ഗണ്യമായി മെച്ചപ്പെട്ടു.
വിവിധ വാർഡുകളിൽ പുതിയ തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതിന്റെയും നിലവിലുള്ള തെരുവുവിളക്കുകളുടെ അറ്റകുറ്റപ്പണി നടത്തുന്നതിന്റെയും പ്രവൃത്തി ദ്രുതഗതിയിൽ നടന്നുവരികയാണ് .  കാലവർഷക്കെടുതിയുടെ ഭാഗമായി കുറച്ചധികം ബൾബുകൾ  ഒരുമിച്ച് തകരാറിലായത്  പ്രയാസം സൃഷ്ടിച്ചെങ്കിലും മുന്നൂറോളം പുതിയ ഓട്ടോമാറ്റിക് ബൾബുകളും മുപ്പതോളം മിനിമാസ്റ്റ് ലൈറ്റുകളും  സ്ഥാപിച്ചുവരികയാണ്.  പ്രവൃത്തിയുടെ മുക്കാൽ പങ്കും പൂർത്തിയാക്കി അവശേഷിക്കുന്ന പ്രവൃത്തികൾ  നടന്നുകൊണ്ടിരിക്കെ,
തങ്ങൾ സമരം നടത്തിയതുകൊണ്ടാണ് പദ്ധതികൾ നടപ്പാവുന്നത്  എന്നു വരുത്തിത്തീർക്കുകയാണ് പ്രതിപക്ഷത്തിന്റെ ഉന്നം. ഏത് പ്രശ്നങ്ങൾ പരിഹരിക്കുമ്പോഴും, ഏത് പദ്ധതി പൂർത്തീകരിക്കുമ്പോഴും  തൊട്ടുമുമ്പ് ഒരു സമരം സംഘടിപ്പിച്ച്  ചുളുവിൽ ക്രെഡിറ്റ് നേടാനുള്ള ശ്രമമാണ് പ്രതിപക്ഷത്തിൻ്റേത്.

നഗരത്തിലെ വിവിധ വാർഡുകളിലെ പ്രധാനപ്പെട്ട  മുഴുവൻ റോഡുകളും ഗതാഗത യോഗ്യമാക്കാനുള്ള നടപടികൾ പൂർത്തീകരിച്ചു വരികയാണ്’.
രാജാ റോഡ് വികസനം നഗരസഭ നേരിട്ട് നടപ്പാക്കുന്നതല്ലെങ്കിലും അതിൽ  ഫലപ്രദമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്.  വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കപ്പെടുന്ന കെട്ടിടങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതിനായുള്ള വാല്യുവേഷൻ പൂർത്തിയായി.
കച്ചേരിക്കടവ് പാലത്തിൻ്റെയും മാട്ടുമ്മൽ  _കടിഞ്ഞിമൂല പാലത്തിന്റെയും
നിർമ്മാണം പുരോഗതിയിലാണ്.
നിർദിഷ്ട തീരദേശപാത പദ്ധതി  വലിയ പ്രതീക്ഷയാണ് നീലേശ്വരത്തെ തീരമേഖലയ്ക്ക് നൽകിയിട്ടുള്ളത്. തീരദേശത്തെ അവഗണിക്കുന്നു എന്ന് മുറവിളിക്കുന്നവർ ഇത്തരം യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കണമെന്ന് ടി.വി. ശാന്ത പറഞ്ഞു.
ആനച്ചാലിലും ചിറപ്പുറത്തും പടിഞ്ഞാറ്റം കൊഴുവലിലും ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ ജനങ്ങൾക്ക്  സാധാരണ ആരോഗ്യ സേവനങ്ങൾ കയ്യെത്തും ദൂരത്ത് ലഭിച്ചു തുടങ്ങി.
ഐസൊലേഷൻ വാർഡിന്റെ പൂർത്തീകരണവും  ഡയാലിസിസ് കേന്ദ്രത്തിന്റെ വികസനവും നിർദിഷ്ട  പ്രസവ വാർഡിന്റെ നിർമ്മാണവും സാധ്യമാകുന്നതോടെ നീലേശ്വരം താലൂക്ക് ആശുപത്രി ജില്ലയിലെ തന്നെ മുൻനിര ആശുപത്രിയായി മാറും.
കോട്ടപ്പുറം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി ഫണ്ടിൽ നിന്ന് അനുവദിച്ച  ഒരു കോടി രൂപ ചെലവിലുള്ള കെട്ടിടം  പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്തു. കാസർഗോഡ് വികസന പാക്കേജിൽ 1.74 കോടി രൂപ അനുവദിച്ച വി.എച്ച്.എസ്.ഇ കെട്ടിടം പൂർത്തീകരണ ദിശയിലാണ് .  പരുത്തിക്കാമുറി സ്കൂളിൽ എം . എൽ.എ ഫണ്ടിൽ നിന്നും പുതിയ കെട്ടിടം നിർമ്മിച്ചു. നീലേശ്വരം ഗവൺമെൻറ് എൽ പി സ്കൂൾ  സംസ്ഥാന ഗവൺമെൻറ് അനുവദിച്ച 2.75 കോടി രൂപ ചെലവിൽ ലിഫ്റ്റ് സൗകര്യത്തോടുകൂടി നിർമ്മിച്ച മൂന്നുനില കെട്ടിടത്തിലേക്ക് മാറിക്കഴിഞ്ഞു. കാസർകോട് വികസന പാക്കേജിൽ 2.25 കോടി അനുവദിച്ച നഗരസഭാ ബഡ്സ് സ്കൂളിൻ്റെ പുതിയ കെട്ടിട നിർമ്മാണം അന്തിമ ഘട്ടത്തിലാണ് .
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നാരാം കുളങ്ങര, പാലായി,  മന്നംപുറം കുളങ്ങൾ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞു.
രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങൾ കേന്ദ്രീകരിച്ച് ചെറുകിട കുടിവെള്ള പദ്ധതികൾ നടപ്പാക്കുന്നതിന് പ്രത്യേക പരിഗണനയാണ് നഗരസഭ നൽകി വരുന്നത്. പാണ്ടിക്കോട്,  വേളുവയൽ കുടിവെള്ള പദ്ധതികൾ പൂർത്തീകരണ ഘട്ടത്തിലെത്തി.  സുവർണവല്ലി,  തൈക്കടപ്പുറം,  കോയാമ്പുറം കുടിവെള്ള പദ്ധതികളുടെയും  നടപടിക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. നഗരസഭയുടെ കീഴിലുണ്ടായിരുന്ന
ചാത്തമത്ത് ശ്മശാനം ആധുനിക വാതക ശ്മശാനമാക്കി മാറ്റി. ചിറപ്പുറം വാതകശ്മശാനം പൂർത്തീകരണ ഘട്ടത്തിലാണ്.
നഗരസഭ പരിധിയിൽ സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാതിരുന്ന നാല് അംഗൻവാടികളിൽ മൂന്നെണ്ണത്തിനും സ്ഥലം ലഭ്യമാക്കി. ഇതിൽ ഒരു അംഗൻവാടിയുടെ കെട്ടിടം നിർമ്മാണം പൂർത്തിയായി. രണ്ടെണ്ണത്തിന്റെ നിർമ്മാണം പുരോഗതിയിലാണ്.
സംരംഭക വർഷത്തിലെ  മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാരിൻ്റെ   എം. എസ്. എം. ഇ  അവാർഡും നഗരസഭയ്ക്ക് ലഭിച്ചു.
നീലേശ്വരത്തിൻ്റെ പേരിൽ  വസ്ത്ര നിർമ്മാണ മേഖലയിൽ സ്വന്തമായൊരു ബ്രാൻഡ് സൃഷ്ടിക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞവർഷം കുടുംബശ്രീ സംരംഭകത്വ പരിപാടി  മുഖേന നിയതം അപ്പാരൽ യൂണിറ്റ് ആരംഭിച്ചിട്ടുള്ളത് .
തെരുവു കച്ചവടക്കാർക്കും കുടുംബശ്രീ സംരംഭകർക്കും ഉപജീവനമാർഗം വിപുലീകരിക്കുന്നതിനുള്ള പി എം സ്വാനിധി വായ് പാ പദ്ധതിയിൽ  ലക്ഷ്യത്തിൻ്റെ  100  ശതമാനത്തിന് മേൽ നേട്ടം കൈവരിക്കാൻ സാധിച്ചു.

കായികരംഗത്തും  നീലേശ്വരത്തിന് സ്വന്തം മേൽവിലാസമുണ്ടാകാൻ പോവുകയാണ്. ചിറപ്പുറം മിനി സ്റ്റേഡിയത്തിൽ വനിതാ ബാസ്കറ്റ് ബാൾ കോർട്ടും ഷട്ടിൽ കോർട്ടും ഉദ്ഘാടനം ചെയ്തു. മാർഷൽ അക്കാഡമിക്ക് വേണ്ടിയുള്ള കെട്ടിട നിർമ്മാണം ആരംഭിച്ചു കഴിഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ അമ്പതാം വാർഷികത്തിൽ നിർമ്മിച്ച ഗാന്ധി സ്മൃതി മണ്ഡപം  പുനർനിർമ്മിച്ച് വിപുലീകരിച്ചു. സമ്മേളനങ്ങളും മറ്റ് പരിപാടികളും നടത്താൻ പൊതു ഇടങ്ങൾ ഇല്ല എന്ന പരാതി  കോട്ടപ്പുറം ഇഎംഎസ് സ്മാരക മിനി കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനത്തോടെ പരിഹരിച്ചു.
ഭവന നിർമ്മാണ മേഖലയിൽ 574 പേർ കരാർ സമർപ്പിച്ചതിൽ 548 പേർ ഭവന നിർമ്മാണം പൂർത്തിയാക്കി.  പുതിയ രണ്ട് ഡിപി ആറുകൾ പ്രകാരമുള്ള ഭവന നിർമ്മാണവും ആരംഭിച്ചു കഴിഞ്ഞു. ഒരു ഗുണഭോക്താവിന് ലഭിക്കുന്ന നാല് ലക്ഷം രൂപയിൽ 2 ലക്ഷം രൂപയും നഗരസഭ വിഹിതമാണ്. ഈ തുക നഗരസഭ  ഹഡ് കോയിൽ നിന്ന് വായ്പയെടുത്താണ്  ഗുണഭോക്താക്കൾക്ക്   ലഭ്യമാക്കുന്നത്.
അതിദരിദ്രരെ കൈപിടിച്ചുയർത്താൻ ഭക്ഷ്യകിറ്റ് വിതരണം, വീട് പുനരുദ്ധാരണം തുടങ്ങി വിവിധ പദ്ധതികളാണ്  നഗരസഭ ആവിഷ്കരിച്ചത്.
ശുചിത്വം മാലിന്യ സംസ്കരണ മേഖലയിൽ ക്രിയാത്മകമായ പുരോഗതി കൈവരിക്കാൻ പദ്ധതികൾ നടപ്പാക്കിവരികയാണ്. മുഴുവൻ വീടുകളിലും ജൈവ മാലിന്യ സംസ്കരണ ഉപാധികൾ ലഭ്യമാക്കുന്നതിന് നഗരസഭ നടപടി സ്വീകരിച്ചുവരുന്നു. പുതിയ വർഷത്തോടെ ഈ ലക്ഷ്യം സഫലമാകും.  ഇതോടൊപ്പം ചിറപ്പുറത്തെ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റിന്റെ നവീകരണം  സമയ ബന്ധിതമായി പൂർത്തിയായി വരികയാണ്. ഹരിത കർമ്മ സേനയെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടികളും സ്വീകരിച്ചുവരുന്നു.
നഗരസഭയുടെ സമഗ്ര വികസനത്തിന് അടിത്തറയിടുന്ന പദ്ധതികൾ ആസൂത്രണത്തോടെ നടപ്പാക്കി വരുമ്പോൾ ഒപ്പം നിൽക്കുന്നതിനു പകരം വികസനത്തിന് തുരങ്കം വയ്ക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് നിന്നാൽ മാത്രമേ നഗരത്തിൻറെ വികസനം  ലക്ഷ്യത്തിലെത്തുകയുള്ളൂചെയർപേഴ്സൺ വാർത്താ കുറിപ്പിൽ ചൂണ്ടിക്കാട്ടി.

Read Previous

ഭർത്താവ് ഗൾഫിലേക്ക് മടങ്ങാൻ ഇരിക്കെ യുവതി കുഴഞ്ഞു വീണ് മരിച്ചു

Read Next

ദർശനയുടെ മരണം മൃതദേഹം വിദഗ്ധ പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തേക്ക് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!