The Times of North

Breaking News!

മാലിന്യമുക്തം നവകേരളം പുരസ്ക്കാരം :ടി.വി.ഷീബയെ കിഴക്കൻ കൊഴുവൽ ഡവലപ്മെന്റ് കമ്മിറ്റി ആദരിച്ചു   ★  സംസ്ഥാന കേരളോത്സവത്തിൽ നടന്ന ഫുട്ബോൾ ചാംപ്യൻഷിപ്പിൽ വിജയികളായ തിരുവക്കോളി ആർട്സ് ഏന്റ് സ്പോർട്സ് ക്ലബിലെ കായിക താരങ്ങളെ ആദരിച്ചു   ★  ചുണ്ട അരയങ്ങാനം റോഡ് ഉദ്ഘാടനം ചെയ്തു   ★  ലഹരി സംഘത്തിന്റെ ആക്രമണം; പൊലീസ് ഉദ്യോഗസ്ഥൻ അടക്കം രണ്ട് പേർക്ക് കുത്തേറ്റു   ★  നീലേശ്വരം ചേടിറോഡിലെ പി.വി.നാരായണി അന്തരിച്ചു   ★  വെള്ളിക്കോത്ത് അടോട്ടെ ചെറാക്കോട്ട് കൊട്ടൻകുഞ്ഞി അന്തരിച്ചു   ★  സമ്മാനക്കൂപ്പൺ നറുക്കെടുത്തു   ★  മാലിന്യമുക്തം നവകേരളം പുരസ്ക്കാരം : ടി.വി ഷീബയെ ആദരിക്കും   ★  നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ   ★  ചിമ്മത്തോട് കരിഞ്ചാമുണ്ഡി അമ്മ വിഷ്ണുമൂർത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം :ആദ്യ ഫണ്ട് ഏറ്റുവാങ്ങി

അപേക്ഷയിൽ അടയിരുന്ന് ഉദ്യോഗസ്ഥർ; ആർടിഎ യോഗങ്ങൾ വെട്ടിക്കുറച്ചു

കാസർകോട്: ജില്ലയിലെ പൊതുഗതാഗത വിഷയങ്ങൾ പരിഗണിക്കേണ്ട റീജിയണൽ ട്രാൻസ്പോർട് അതോറിറ്റി യോഗം ചേരുന്നതിലും തുടർനടപടി സ്വീകരിക്കുന്നതിലും ഉദ്യോഗസ്ഥർ ഉഴപ്പുന്നത് അപേക്ഷകരെ വലക്കുന്നു. ഒന്നു മുതൽ മൂന്ന് മാസത്തെ ഇടവേളകളിൽ ചേരുന്ന യോഗങ്ങളാണ് ഇപ്പോൾ ഏഴു മാസം വരെ വൈകിപ്പിക്കുകയും തീരുമാനം പ്രസിദ്ധീകരിക്കാൻ പിന്നെയും രണ്ടു മാസത്തിലേറെ കാലവുമെടുക്കുന്നത്. ഫെബ്രുവരി 19നാണ് ഏറ്റവുമൊടുവിൽ യോഗം ചേർന്നത്. ഇതിനുമുൻപ് 2024 ജൂലൈ, ജൂൺ, ഫെബ്രുവരി, ജനുവരി, 2023 ഡിസംബർ, സപ്തംബർ, ജൂൺ മാസങ്ങളിലായിരുന്നു യോഗങ്ങൾ നടന്നിരുന്നത്. യോഗങ്ങൾ അനന്തമായി നീട്ടുന്നത് സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട ലക്ഷങ്ങളുടെ നികുതി നഷ്ടമാക്കുന്നുമുണ്ട്.

ഏറ്റവുമൊടുവിലെ യോഗത്തിൽ മാത്രം ജില്ലയിലെ ഒട്ടേറെ ഗ്രാമങ്ങളിലേക്കായി 55 പുതിയ ബസ് പെർമിറ്റുകൾക്കാണ് അപേക്ഷയെത്തിയത്. അതിവേഗം അപേക്ഷകൾ പാസാക്കി ഓടാനുള്ള സമയവും നിശ്ചയിച്ച് കൊടുത്താൽ പ്രത്യക്ഷ നികുതിയായി മാത്രം വർഷം 55 ലക്ഷം രൂപ ഖജനാവിലേക്കെത്തും. യാത്രാസൗകര്യമില്ലാത്ത പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിതം തീരുമെന്നതിനൊപ്പം ഓരോ ബസുകൾക്കും ഉപയോഗിക്കുന്ന ഡീസലിൽ നിന്നും സർക്കാരിന് 1250 രൂപ ദിവസവും നികുതിയായി ലഭിക്കും. നൂറ്റമ്പതോളം പേർക്ക് ഉപജീവന മാർഗവുമാകും. എന്നാൽ അപേക്ഷകരെ വർഷത്തോളം വലച്ച് പുതിയ പെർമിറ്റുകൾ വരുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന ലോബി ജില്ലയിൽ പ്രവർത്തിക്കുന്നതായി അപേക്ഷകർ പറയുന്നു. പെർമിറ്റുകൾ മാത്രമായി കച്ചവടം നടത്തുന്നതിനെ നിയമം പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും ജില്ലയിൽ സ്വകാര്യ ബസ് പെർമിറ്റുകൾ പത്ത് ലക്ഷത്തിന് മുകളിലുള്ള തുകയ്ക്കാണ് കൈമാറ്റം ചെയ്യുന്നത്. നാമമാത്രമായ ഫീസടച്ച് പുതിയ ബസ് പെർമിറ്റുകൾ വരുന്നത് പരമ്പരാഗതമായി മേഖലയിലുള്ളവർക്ക് തിരിച്ചടിയാകും. ഇതോടെയാണ് ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് വളഞ്ഞ വഴി സ്വീകരിക്കുന്നത്.
മുൻ കാലങ്ങളിൽ പുതിയ പെർമിറ്റുകൾ യോഗം അംഗീകരിച്ച ശേഷവും ബസ് വാങ്ങിയാൽ മതിയാകും. ഇതിൻ്റെ രേഖകൾ ഹാജരാക്കിയാൽ ഓടാനുള്ള സമയം നിർണയിച്ച് നൽകും. എന്നാൽ, അനുയോജ്യമായ വാഹനം ഹാജരാക്കുമെന്ന അപേക്ഷ ഭാവന മാത്രമാണെന്നും അത്തരം പെർമിറ്റ് അനുവദിക്കാൻ തങ്ങൾക്ക് ബാധ്യതയില്ലെന്നും കാട്ടി സമീപകാലത്തായി പല ആർടിഎകളും അപേക്ഷ തള്ളുന്നുണ്ട്. അനിശ്ചിതമായി ചേരാത്ത യോഗങ്ങൾ പ്രതീക്ഷിച്ച് ബസുകൾ വാങ്ങിയിട്ട് റോഡിലിറക്കാനാകാതെ കടക്കെണിയിലാകണോയെന്നാണ് അപേക്ഷകരുടെ ചോദ്യം. പെർമിറ്റുള്ള ബസുകൾക്ക് പകരമായി ഇവയ്ക്ക് ഓടാമെങ്കിലും സ്ഥിരമായി ഓട്ടം ലഭിച്ചില്ലെങ്കിൽ ബാധ്യതയാകുമെന്നാണ് അപേക്ഷകരുടെ പേടി.
കാസർകോട് ജില്ലയിൽ 1995 ൽ 1200 ഓളം ബസുകൾ സർവീസ് നടത്തിയിരുന്നു. ഇന്നത് 350 വരെയായി ചുരുങ്ങി. ഇതിൽ 150 എണ്ണവും കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട് താലൂക്ക് പരിധിയിലാണ്. മലയോരത്ത് ഒട്ടേറെ പുതിയ റോഡുകൾ വന്നിട്ടും ആ പ്രദേശങ്ങളിലെ ജനങ്ങളുടെ ആശ്രയം സമാന്തര സർവീസുകളും സ്വകാര്യ വാഹനങ്ങളുമാണ്. പുതിയ പെർമിറ്റുകൾ വരുന്നതിന് നിലവിലെ ഓപ്പറേറ്റർമാർ പാര വെക്കുന്നത് ഈ സംവിധാനത്തെ തന്നെ തകർക്കാനാണെന്ന് അപേക്ഷകർ പറയുന്നു. പെർമിറ്റുകൾ പാസാക്കിയാലും സമയക്രമം അനുവദിക്കാൻ മാസങ്ങളോളമെടുത്ത് മൂന്നോ നാലോ യോഗങ്ങൾ നടത്തുന്ന ഉദ്യോഗസ്ഥരും ഇവരെ പ്രയാസത്തിലാക്കുന്നു. മലയോരത്തേക്കുള്ള ബസിനെ വഴിയിൽ പലയിടത്തും അരമണിക്കൂർ വരെ നിർത്തിയിടുന്ന വിധം സമയക്രമം നൽകി യാത്രക്കാരില്ലാതെയാക്കി നഷ്ടത്തിലാക്കിയ സംഭവങ്ങളും നടക്കുന്നതായും അപേക്ഷകർ പറയുന്നു.

Read Previous

തൈക്കടപ്പുറം പാലിച്ചോൻ റോഡിലെ കെ.വി.കൃഷ്ണൻ അന്തരിച്ചു

Read Next

തുടർച്ചയായി നഗ്‌നതാ പ്രദര്‍ശനം 16കാരി യുവാവിനെ കുടുക്കി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
n73