വിവാദ കൊടുംകാറ്റുയർത്തിയ രണ്ട് ഫേസ്ബുക്ക് പോസ്റ്റുകൾക്ക് ശേഷം രാജ്മോഹൻ ഉണ്ണിത്താൻ എംപിയും കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയയും അടങ്ങി. പെരിയ ഇരട്ടകൊലക്കേസ് പ്രതിയും സിപിഎം നേതാവുമായ ബാലകൃഷ്ണന്റെ മകന്റെ വിവാഹ സൽക്കാരത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്തതിനെതിരെയായിരുന്നു രാജ്മോഹൻ ഉണ്ണിത്താൻ എംപി ഫേസ്ബുക്ക് പോസ്റ്റിലൂടെ രൂക്ഷ വിമർശനം ഉയർത്തിയത്. ഇതിൽ നേതാക്കളുടെ പേര് എടുത്തു പറഞ്ഞിട്ടില്ലായിരുന്നുവെങ്കിലും ഉണ്ണിത്താന് ശക്തമായ മറുപടിയുമായി ബാലകൃഷ്ണൻ പെരിയ ഫേസ്ബുക്ക് പോസ്റ്റ് ഇടുകയായിരുന്നു.പോസ്റ്റിൽ ഉണ്ണിത്താനെതിരെ ഗുരുതര ആരോപണമാണ് ബാലകൃഷ്ണൻ ഉന്നയിച്ചതെങ്കിലും പിന്നീട് പോസ്റ്റ് പിൻവലിച്ചു. പെരിയ ഇരട്ട കൊലപാതക കേസിലെ മറ്റൊരു പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ മണികണ്ഠനുമായി ഉണ്ണിത്താൻ രാത്രിയുടെ മറവിൽ ചർച്ച നടത്തിയെന്നായിരുന്നു ബാലകൃഷ്ണന്റെ ആരോപണം. ഇതിനൊപ്പം ഉണ്ണിത്താനും മണികണ്ഠനും തമ്മിൽ സംസാരിക്കുന്ന ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഉദുമയിൽ മത്സരിച്ച തന്നെ പരാജയപ്പെടുത്താൻ ഉണ്ണിത്താൻ ശ്രമിച്ചതായും പോസ്റ്റിൽ ബാലകൃഷ്ണൻ ആരോപിച്ചിരുന്നു. ഉണ്ണിത്താൻ വേണ്ടി പുറത്തുപോകുന്നു എന്ന പരാമർശവും പോസ്റ്റിൽ ഉണ്ടായതോടെ ബാലകൃഷ്ണൻ കോൺഗ്രസ് വിട്ട് ബിജെപി ചേരുമെന്ന അഭ്യൂഹവും ശക്തമായി ഇന്ന് രാവിലെ വാർത്ത സമ്മേളനം നടത്തുമെന്ന് കൂടി ബാലകൃഷ്ണൻ പറഞ്ഞതോടെ ഇത് ബിജെപിയിൽ ചേർന്നു എന്ന് പ്രഖ്യാപിക്കാൻ ആയിരിക്കുമെന്ന് സംശയവും ബലപ്പെട്ടു. എന്നാൽ ഏറ്റവും ഒടുവിൽ ബാലകൃഷ്ണൻ പോസ്റ്റ് പിൻവലിക്കുകയും പത്ര സമ്മേളനത്തിൽ നിന്ന് പിന്മാറുകയും ചെയ്തതോടെയാണ് ജില്ലയിലെ കോൺഗ്രസിൽ ഉണ്ടായ പിരിമുറുക്കത്തിന് താൽക്കാലിക ശമനം ഉണ്ടായത്. പോസ്റ്റുകളെ കുറിച്ച് പ്രതികരിക്കാൻ ബാലകൃഷ്ണനും ഉണ്ണിത്താനും ഇപ്പോൾ തയ്യാറാകുന്നില്ല. പാർട്ടി നേതൃത്വം ഇടപെട്ടതു കൊണ്ടാകാം കോൺഗ്രസിലെ തർക്കത്തിന് താൽക്കാലിക പരിഹാരം ആയതെങ്കിലും ലോകസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ ജില്ലയിലെ കോൺഗ്രസിൽ വൻ പൊട്ടിത്തെറി ഉണ്ടാകും എന്ന് ഉറപ്പായിരിക്കുകയാണ്.