കരിവെള്ളൂർ : നക്ഷത്രവിളക്കുകളോആശംസാ സന്ദേശങ്ങളോ വെടിക്കെട്ടുകളോ ഇല്ലാതെ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ എം.ടി. ഓർമ്മയുടെ സുഗന്ധം പരത്തി പുതുവത്സരത്തെ വരവേറ്റു. വായനായനത്തിൻ്റെ ഭാഗമായി കുണിയ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ മലയാളം അധ്യാപകൻ പ്രവീൺ നീലേശ്വരം രണ്ടാമൂഴം പരിചയപ്പെടുത്തുകയും എം ടി അനുസ്മരണം നടത്തുകയും ചെയ്തു. പരിയാരത്ത് കാർത്യായനിയമ്മയുടെ വീട്ടുമുറ്റത്ത് നടന്ന പരിപാടി എം.ടി.യുടെ കൈയൊപ്പ് പതിഞ്ഞ സിനിമയിലെ ഗാനങ്ങളുടെ ആലാപനം കൊണ്ട് വേറിട്ട അനുഭവമായി. ടി.കെ. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. ഷൈനി പി.ടി., ടി.വി. ഗിരിജ ടീച്ചർ, കാർത്യായനി കുഞ്ഞമ്പു മാഷ് എന്നിവർ ഗാനാർച്ചനയിൽ പങ്കെടുത്തു. സനില കെ.വി., കൊടക്കാട് നാരായണൻ, കെ.വി. മധു മാഷ്, ശശിധരൻ ആലപ്പടമ്പൻ ,പി. ഗീത, കെ.സി. മാധവൻ എന്നിവർ സംസാരിച്ചു. സദസ്സിലെ പ്രായം കുറഞ്ഞ പ്രതിനിധി ദ്രുവകീർത്തി എസും മുതിർന്ന അംഗം പി. കുഞ്ഞിരാമനും ചേർന്ന് ന്യൂ ഇയർ കേക്ക് മുറിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ പങ്കെടുത്തു.