ട്യൂഷൻ ക്ലാസുകളിലും സോഷ്യൽ മീഡിയകളിലും ഒതുങ്ങി കഴിയുന്ന കുട്ടികളുടെ ഭാഷ വികാസം, ക്രിയാത്മകവും സൗന്ദര്യാത്മകവുമായ ആസ്വാദന ശേഷി, വൈജ്ഞാനിക വികാസം, ശാരീരിക ചാലക വികാസം, വ്യക്തിപരവും, സാമൂഹികവും വൈകാരികവുമായ വികാസം, ഇന്ദ്രീയ അവബോധത്തിന്റെയും ഇന്ദ്രീയ ജ്ഞാനത്തിന്റെയും വികാസം എന്നിവയ്ക്ക് പ്രാധാന്യം നൽകി പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം സംഘടിപ്പിച്ച വിനോദ വിജ്ഞാന പരിപാടി – “നിശാഗന്ധി പൂത്ത നേരം “- സമാപിച്ചു. പരിപാടിക്ക് രാത്രി സമയം തെരെഞ്ഞെടുത്തതു കൊണ്ട് കുട്ടികളോടൊപ്പം രക്ഷിതാക്കൾക്കും പങ്കെടുക്കാനായി.
ഒന്നാം ദിവസം രാത്രിയിൽ ബിനേഷ് മുഴക്കോം അവതരിപ്പിച്ച പാട്ടും പറച്ചിലോടെയായിരുന്നു തുടക്കം. രണ്ടാം ദിവസം രാത്രിയിൽ റിട്ട. പ്രഥമാധ്യാപകരായ എ.അനിൽകുമാറും കെ. ഭാസ്ക്കരനും നയിച്ച മാജിക് സ്കെച്ചും മാന്ത്രിക ഗണിതവും അരങ്ങേറി.
സമാപന രാത്രിയിൽ പ്രശസ്ത മോട്ടിവേറ്റർ ഷൈജിത്ത് കരുവാക്കോട് കുതിക്കാം കരുതലോടെ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. എൽ.എസ്.എസ്.യു.എസ്.എസ്., എസ്. എസ്. എൽ. സി. , പ്ലസ് ടു വിജയകളായ മുപ്പത് കുട്ടികൾക്ക് പിലിക്കോട് ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡണ്ട് ടി.വി. ശ്രീധരൻ സ്നേഹോപഹാരം വിതരണം ചെയ്തു. വി.വി. പ്രദീപൻ, കൊടക്കാട് നാരായണൻ, ശശിധരൻ ആലപ്പടമ്പൻ ,പി.വി. വിജയൻ, കെ. ചന്ദ്രൻ സംസാരിച്ചു.