നീലേശ്വരം നഗരത്തിൽ അഞ്ചു കോടി രൂപ ചെലവിൽ നിർമിക്കുമെന്ന് പ്രഖ്യാപിച്ച മിനി സിവിൽ സ്റ്റേഷൻ ഇപ്പോഴും ചുവപ്പു നാടയിൽ. സിവിൽ സ്റ്റേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് എം രാജഗോപാൽ എം എൽ എ യുടെ നേതൃത്വത്തിൽ നിരവധി തവണ റവന്യൂ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നിരുന്നെങ്കിൽ ഇതുവരെ നിർമ്മാണം ആരംഭിച്ചിട്ടില്ല. ഉദ്യോഗസ്ഥർ നീലേശ്വരത്തെത്തി സിവിൽ സ്റ്റേഷൻ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പരിശോധനയും മറ്റും നടത്തിയിരുന്നു. 2020–21 ബജറ്റിലാണ് 5 കോടി ചെലവിൽ നീലേശ്വരത്ത് മിനി സിവിൽ സ്റ്റേഷൻ നിർമിക്കുമെന്നു പ്രഖ്യാപിച്ചത്. നേരത്തെ ജില്ലാ ഓഫിസുകൾ ഉൾപ്പെടെ വിവിധ സർക്കാർ ഓഫിസുകൾ പ്രവർത്തിച്ചിരുന്ന സ്ഥലമാണ് നീലേശ്വരം. എന്നാൽ നഗരസഭയായി ഉയർന്നതോടെ കഴിഞ്ഞ 10 വർഷത്തിനിടെ 10 ഓഫിസുകൾ ഇവിടെ നിന്നു മാറിപ്പോയിരുന്നു. മതിയായ കെട്ടിട സൗകര്യമില്ലെന്നതായിരുന്നു കാരണം. അതിനിടെ കാഞ്ഞങ്ങാട് മിനി സിവിൽ സ്‌റ്റേഷൻ നിലവിലുള്ളപ്പോൾ നീലേശ്വരത്ത് പുതിയ സിവിൽ സ്‌റ്റേഷൻ ആവശ്യമില്ലെന്ന റവന്യൂ വകുപ്പ് ഉദ്യോഗസ്‌ഥരുടെ വിചിത്രമായ കണ്ടെത്തൽ ജില്ലയിൽ പ്രതിഷേധമുയർത്തിയിരുന്നു. കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന റവന്യു ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു ഇത്. നീലേശ്വരത്ത് വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച താലൂക്കും നേരത്തെ ഉണ്ടായിരുന്ന നീലേശ്വരം നിയമസഭാ മണ്ഡലവും ഉൾപ്പെടെ യാഥാർഥ്യമാക്കണമെന്ന ആവശ്യം ഉയർന്നു വരുന്നതിനിടെയാണ് ബജറ്റിൽ പ്രഖ്യാപിച്ച മിനി സിവിൽ സ്റ്റേഷൻ ചുവപ്പു നാടയിൽ കുടുങ്ങിക്കിടക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് പ്രഖ്യാപിച്ച രാജാറോഡ് നവീകരണവും,നീലേശ്വരം കല്ലളൻ വൈദ്യർ സ്മാരക സാംസ്കാരിക സമുച്ചയം,നീലേശ്വരം നിയമ പഠന കേന്ദ്രം, ദുരന്ത നിവാരണ കേന്ദ്രം , സിനിമ തിയേറ്റർ സമുച്ചയം എന്നിവയും ഇതുവരെ യാഥാർഥ്യമായില്ല. നീലേശ്വരം നഗരത്തോട് സർക്കാർ കാണിക്കുന്ന അവഗണന തുറന്ന് കാണിക്കേണ്ട പ്രതിപക്ഷവും മൗനത്തിലാണ്. ചത്തതിന് ഒക്കുമോ ജീവിച്ചിരിക്കുന്നത് എന്നതാണ് പ്രതിപക്ഷത്തെ കുറിച്ച് നാട്ടുകാർ പറയുന്നത്. നീലേശ്വരത്തെ രാഷ്‌ട്രീയ നേതാക്കൾക്ക് ഇഛാശക്‌തിയില്ലാത്ത കാരണമാണ് ഉദ്യോഗസ്‌ഥർ വികസനത്തിന് പാരവെക്കുന്നതെന്ന് പ്രതിഷേധ നിരയിലുള്ള പൊതുജനം ചൂണ്ടികാണിക്കുന്നു. അടുത്ത ബജറ്റിൽ നീലേശ്വരം ആസ്‌ഥാനമായി താലൂക്ക് അനുവദിക്കുമെന്ന വിശ്വാസത്തിലാണ് ഇവിടെയുള്ളവർ.