മുൻസിപ്പൽ ഓഫീസിന്റെ ഉദ്ഘാടനത്തിന് മുമ്പായി നീലേശ്വരത്തിന്റെ സ്വപ്ന പദ്ധതിയായ പുതിയ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ ശിലാസ്ഥാപനവും നിർവ്വഹിക്കുന്നു. ഫെബ്രുവരി 16ന് രാവിലെ 11 മണിക്ക് എം.രാജഗോപാലൻ എം.എൽ.എയാണ് ശിലാസ്ഥാപനം നിർവഹിക്കുക.
16.15 കോടി രൂപ ചെലവിലാണ് ബസ് സ്റ്റാൻഡ് യാർഡും അണ്ടർ ഗ്രൗണ്ട് പാർക്കിംഗ് സൗകര്യത്തോടെ മൂന്ന് നിലകളിലായുള്ള കെട്ടിടവും നിർമ്മിക്കുന്നത്. ആദ്യ രണ്ട് നിലകൾ ഷോപ്പിംഗ് കോംപ്ലക്സ് ആയിരിക്കും. മൂന്നാം നിലയിൽ ഓഫീസുകൾ പ്രവർത്തിക്കും.
എസ്റ്റിമേറ്റ് തുകയിൽ 14.53 കോടി രൂപ കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ മുഖേനയുള്ള വായ്പയാണ്. ബാക്കി തുക നഗരസഭ തനത് ഫണ്ടിൽ നിന്ന് കണ്ടെത്തും.
സിവിൽ വർക്ക് , വൈദ്യുതീകരണം, ഫയർ ഫൈറ്റിങ്, ലിഫ്റ്റ്, അനുബന്ധ സൗകര്യങ്ങൾ തുടങ്ങിയ പ്രവൃത്തികൾ ഉൾപ്പെടെ പൂർത്തിയാക്കുന്നതിനുള്ള എസ്റ്റിമേറ്റ് തുകയ്ക്കാണ് സാങ്കേതിക അനുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ 11.6 കോടി രൂപയുടെ സിവിൽ വർക്കുകളുടെ കരാർ നടപടികളാണ് ഇപ്പോൾ പൂർത്തിയായിട്ടുള്ളത്. പ്രമുഖ കരാറുകാരനായ കെ ജെ ജോയ് ആണ് കരാർ കരസ്ഥമാക്കിയത്. 24 മാസമാണ് കരാർ കാലാവധി.
ബസ് സ്റ്റാൻഡ് നിർമ്മാണപ്രവൃത്തി ആരംഭിക്കുന്നതോടെ നഗരത്തിൽ ഗതാഗതം ക്രമീകരിക്കുന്നതിന് ബദൽ സംവിധാനങ്ങളൊരുക്കും.നീലേശ്വരം നഗരത്തിൻ്റെ മുഖച്ഛായ മാറ്റുന്നതായിരിക്കും പുതിയ ബസ് സ്റ്റാൻഡിൻ്റെയും ഷോപ്പിംഗ് കോംപ്ലക്സിൻ്റെയും നിർമ്മാണം. പ്രൊഫ.കെ.പി.ജയരാജന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയുടെ കാലത്താണ് പുതിയ ബസ്റ്റാന്റ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത്. ഇതിന്റെ ഭാഗമായി പഴയ ബസ്റ്റാന്റ് പൊളിച്ചു മാറ്റിയതും അക്കാലത്താണ്.കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്മെൻറ് ഫിനാൻസ് കോർപ്പറേഷൻ മുഖേനയുള്ള വായ്പക്ക് ശ്രമം തുടങ്ങിയതും കഴിഞ്ഞ ഭരണ സമിതിയാണ്. ഈ ഭരണ സമിതിയുടെ കൂട്ടായ പ്രയത്നത്തിലൂടെ തുടർ നടപടികൾ വേഗത്തിലാവുകയും ചെയ്തു.