
നീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം പ്രവർത്തന വഴിയിൽ 25 വർഷം പിന്നിട്ടുന്നു.
കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള എ ഗ്രേഡ് ഗ്രന്ഥാലയമാണിത്. ഒരു വർഷം നീളുന്ന പരിപാടികളാണ് രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുക. ആഘോഷ പരിപാടികൾ ഇന്ന് വൈകുന്നേരം 4 മണിക്ക് പട്ടേന ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന വിളംബര ഘോഷയാത്രയോടെ തുടങ്ങും. അഞ്ച് മണിക്ക് പാട്ട് വീട് അവതരിപ്പിക്കുന്ന ഗീതം സംഗീതം പരിപാടി. ആറ് മണിക്ക് പട്ടേന ശ്രീധർമശാസ്താ സംഗീത വിദ്യാലയം കാവ്യാലാപനം നടത്തും. 6.30 ന് ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രഭാഷകൻ എം.ജെ. ശ്രീചിത്രൻ പരിപാടികൾ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ എ.വി.സുരേന്ദ്രൻ അധ്യക്ഷത വഹിക്കും. മുൻ എംഎൽഎ, കെ.പി.സതീഷ് ചന്ദ്രൻ ആദ്യകാല വായന പ്രവർത്തകരെ ആദരിക്കും; മറ്റ് പ്രതിഭകളെ അനുമോദിക്കും. ജനശക്തി വായനശാല പ്രസിദ്ധീകരിക്കുന്ന സ്മരണികയുടെ കവർ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ പ്രകാശനം ചെയ്യും. ജനശക്‌തി ഗ്രന്ഥാലയം പ്രസിഡന്റ് ഇ.കെ. സുനിൽ കുമാർ സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ കെ.ശ്രീഗണേഷ് നന്ദിയും പറയും. സാംസ്കാരിക സമ്മേളനത്തിന് ശേഷം കല കാങ്കോൽ അവതരിപ്പിക്കുന്ന ഉറുമാല് കെട്ടിയ ചൈത്രമാസം എന്ന നാടകം അരങ്ങേറും.