
വിദ്യാഭ്യാസ മികവിൽ ജില്ലയിൽ പ്രഥമസ്ഥാനത്തുള്ള ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂളിൽ, മാനേജ്മെൻ്റ് നിർമ്മിച്ച പുതിയ ഓഫീസ് ബ്ലോക്കിൻ്റെയും, പവലിയനിൻ്റെയും ഉദ്ഘാടനം നടന്നു.1976 ൽ സ്ഥാപിതമായ സ്കൂൾ അമ്പതിൻ്റെ നിറവിലെത്തി നിൽക്കുന്ന വേളയിൽ, സ്ഥാപക മാനേജറായ ടി.കെ.അബ്ദുൾ ഖാദർ ഹാജിയുടെ സ്മരണയിലാണ് പുതിയ കെട്ടിട ബ്ലോക്കും, പവലിയനും നിർമ്മിച്ചത്. കെട്ടിടത്തിൻ്റെ ഉദ്ഘാടനം ടി.കെ.അബ്ദുൾ ഖാദർ ഹാജിയുടെ ഭാര്യ മുൻ മാനേജർ റുഖിയാബി നിർവ്വഹിച്ചു. പവലിയൻ ഉദ്ഘാടനം മുൻ മാനേജർ ടി.കെ.ജമീലയും നിർവ്വഹിച്ചു.
ചടങ്ങിൽ വെച്ച് സർവ്വീസിൽ നിന്നും വിരമിക്കുന്ന അധ്യാപകരായ മെർലി മേരി ജോസ്, കെ.വി.വാസുദേവൻ നമ്പൂതിരി, യുവ സാമുഹ്യ പ്രവർത്തകനുള്ള യൂത്ത് ഐക്കൺ ദേശീയ പുരസ്കാരം നേടിയ മലയാളം അധ്യാപകൻ രതീഷ് പിലിക്കോട്, മികച്ച അധ്യാപക പുരസ്കാരം നേടിയ ഷൈലജ ഗോപാലൻ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സി. ചിത്ര തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച അധ്യാപകരെയും, വിദ്യാർത്ഥികളെയും ആദരിച്ചു. സ്കൂൾ മാനേജർ ടി.കെ.അസീന അധ്യക്ഷത വഹിച്ചു. മാനേജ്മെൻ്റ് പ്രതിനിധികളായ ഡോ.റാഫി അഹമ്മദ്, സമീർ,ഹമീദ് അലി, ടി.കെ.സഫിയ സംസാരിച്ചു. പ്രിൻസിപ്പൽ ടോമി എം.ജെ റിപ്പോർട് അവതരിപ്പിച്ചു. ആബിദ് നാലപ്പാട് സ്വാഗതവും, ഹെഡ്മാസ്റ്റർ പി.വി.മനോജ് കുമാർ നന്ദിയും പറഞ്ഞു.