നീലേശ്വരം : തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്രത്തിലെ കളിയാട്ടത്തോടുമ്പന്ധിച്ചുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടേയും പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരേയും സഹായിക്കാൻ ക്ഷേത്ര കമ്മറ്റി റിലീഫ് കമ്മറ്റിക്ക് രൂപം നൽകി. ചൊവ്വാഴ്ച വൈകിട്ട് ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ് കെ കെ കുമാരൻ ചെയർമാനും എം ചന്ദ്രശേഖരൻ കൺവീനറും ടിവി അശോകൻ ട്രഷററുമായ റിലീഫ് കമ്മിറ്റിക്ക് രൂപം നൽകിയത്. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സഹായം നൽകണമെന്നും ചികിത്സയിൽ കഴിയുന്നവരുടെ ഭാവി സുരക്ഷിതമാക്കണമെന്നും യോഗം തീരുമാനിച്ചു. ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നവർക്ക് മുൻഗണന നൽകി സഹായം നൽകാനാണ് തീരുമാനം. ഇതിനായി സമുദായത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഫണ്ട് ശേഖരിക്കാനും തീരുമാനിച്ചു. ചൊവ്വാഴ്ച ചേർന്ന യോഗത്തിൽ പങ്കെടുത്ത നിരവധിപേർ സ്വമേധയാ സഹായം വാഗ്ദാനം ചെയ്തു. ഇതോടൊപ്പം തന്നെ പറ്റാവുന്നവരിൽ നിന്നും കടമായി പണം വാങ്ങിയും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനാണ് ഇന്ന് ചേർന്ന് യോഗത്തിൽ തീരുമാനമെടുത്തത് .