കാസർകോട് ജില്ലാ സെഷൻസ് കോടതിയുടെ അപൂർവ്വവിധിയിലൂടെ
നീലേശ്വരം വെടിക്കെട്ട് അപകട കേസിൽ പ്രതികൾക്ക് കീഴ് കോടതി നൽകിയ ജാമ്യം റദ്ദാക്കി. നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകട കേസിലെ പ്രതികളായ ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്തെ കെ.ടി ഭരതൻ, വെടിമരുന്നിന് തീ കൊളുത്തിയ കൊട്രച്ചാലിലെ പള്ളിക്കര രാജേഷ് , എന്നിവർക്ക് ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നൽകിയ ജാമ്യമാണ് ജില്ലാ സെഷൻസ് കോടതി റദ്ദാക്കിയത്. ഹൊസ്ദുർഗ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നൽകിയ ജാമ്യം റദ്ദാക്കണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് ജില്ലാ സെഷൻസ് കോടതിയിൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ ഈ അപ്പീൽ നൽകുന്നതിന് മുമ്പേതന്നെ ജില്ലാ സ്റ്റേഷൻ കോടതി പ്രതികൾക്ക് കീഴ്കോടതി അനുവദിച്ച ജാമ്യംസ്വമേധയാ റദ്ദാക്കുകയായിരുന്നു. അപൂർവമായ ഒരു വിധിയാണിത് . ക്ഷേത്രം പ്രസിഡന്റ് ചന്ദ്രശേഖരനും സെക്രട്ടറി ഭരതനും കോടതി വിധി വരും മുമ്പേ ജയിലിൽ മോചിതരായിരുന്നു. വെടിക്കെട്ടിന് തീക്കൊളുത്തിയ പ്രധാന പ്രതി രാജേഷിന് ജാമ്യക്കാർ ഇല്ലാത്തതിനാൽ ജയിലിൽ മോചിതനാവാൻ കഴിഞ്ഞില്ല. ജയിലിൽ കഴിയുന്ന രാജേഷിനെ പുറത്തുവിടരുതെന്നും പുറത്തിറങ്ങിയ രണ്ട് പ്രതികളെയും തിരിച്ച് ജയിലിലേക്ക് തന്നെ കൊണ്ടുവരണമെന്നും കോടതി നിർദേശിച്ചു. ഇതിനിടയിൽ സെഷൻസ് കോടതി വിധി വന്നതിന് പിന്നാലെ ഗുരുതരമായി പൊള്ളലേറ്റ കിനാവൂരിലെ സന്ദീപ് മരിച്ചിരുന്നു.