ചെറുവത്തൂർ: വിമോചന സമരത്തിന് ശേഷമുള്ള കുറ്റിയാട്ടൂർ ഗ്രാമത്തിലെ
ജീവിതാനുഭവങ്ങൾ പകർത്തിയ ‘നാട്ടിലെ പാട്ട്’ നാടകം കാണാൻ നാടകകൃത്ത് എൻ.ശശിധരൻ നേരിട്ടെത്തിയത് നാടക പ്രവർത്തകരേയും പ്രേക്ഷകരേയും ആവേശഭരിതരാക്കി. കനൽ കാസർകോട് രംഗാവിഷ്ക്കാരം നൽകിയ നാട്ടു ചരിത്രത്തിന്റെ നേർപകർച്ചയായ ‘നാട്ടിലെ പാട്ട്’ നാടകത്തിന്റെ ആദ്യ അവതരണം ഇന്നലെ വൈകുന്നേരം ചെറുവത്തൂർ പഞ്ചായത്ത് ഇ എം എസ് സ്മാരക ഓഡിറ്റോറിയത്തിൽ അരങ്ങേറി.
മുൻ എം.പി പി.കരുണാകരൻ ഉദ്ഘാടനം ചെയ്തു. പോയ കാലഘട്ടത്തിൽ
കേരളീയ സമൂഹത്തിൽ ഉയർന്നുവന്ന സാമൂഹ്യ മുന്നേറ്റ ആശയമാണ് ഈ നാടകത്തിന്റെ ആത്മാവെന്ന് പി.കരുണാകരൻ പറഞ്ഞു. ആരോഗ്യപരമായ അവശത ഉണ്ടായിട്ടും എൻ.ശശിധരൻ നാടകം കാണാൻ എത്തിയത് തന്നെ ഈ ഉദ്യമത്തെ ശ്രദ്ധേയമാക്കുന്നു. ഡോ. വി.പി.പി മുസ്തഫ അദ്ധ്യക്ഷത വഹിച്ചു.
നാടക രചയിതാവ് എൻ. ശശിധരൻ , ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി.വി പ്രമീള, കനൽ ചെയർമാൻ ടി.വി ബാലൻ എന്നിവർ പ്രസംഗിച്ചു. കനൽ
സെക്രട്ടറി രവീന്ദ്രൻ കൊടക്കാട് സ്വാഗതവും വി.പി ബാലചന്ദ്രൻ നന്ദിയും പറഞ്ഞു.
വടക്കൻ കേരളത്തിലെ പ്രമുഖരായ നിരവധി നാടക നടന്മാരും സംവിധായകരും അടക്കമുള്ളവർ നാട്ടിലെ പാട്ട് അവതരണം കാണാൻ ചെറുവത്തൂരിൽ എത്തിയിരുന്നു. നാടക അവതരണത്തിന്റെ പ്രവേശനം പാസ് മുഖേന നിയന്ത്രിച്ചിരുന്നു.
വിജേഷ് കാരിയാണ് സംവിധാനം. സുകേഷ് ചോയ്യംകോട്, ഒ പി ചന്ദ്രൻ,ജ്യോതി ചന്ദ്രൻ മുളിയാർ, സി.അമ്പുരാജ്, മധു പള്ളിക്കര, രാമചന്ദ്രൻ പാട്ടത്തിൽ, കെ.പി രാമകൃഷ്ണൻ, ദിപീഷ്, ശോഭബാലൻ, ശശി നടക്കാവ്, പ്രേമചന്ദ്രൻ കലാവേദി, ലക്ഷ്മണൻ, ജനാർദ്ദനൻ, ഗോപാലകൃഷ്ണൻ, രവികുമാർ, പ്രമോദ്, ശ്രീധരൻ,പി.സിന്ധു,മൃദുലഭായി,ജ്യോതി ലക്ഷ്മി തുടങ്ങിയവർ വേഷമിടുന്നു. ആലാപനം: ഉമേഷ് നീലേശ്വരം, ശബ്ദമിശ്രണം: നിഷാന്ത് തലയടുക്കം, പശ്ചാത്തല സംഗീതം: ജോൺസൺ പുഞ്ചക്കാട്, രംഗപടം : സുനിൽകുമാർ കാരിയിൽ, ചമയം: ഭാസി വർണ്ണലയം,
ദീപ സംവിധാനം: മനു നടക്കാവ്, സംഗീത നിയന്ത്രണം: സുരാഗ് ചന്തേര എന്നിവരാണ് നാടകത്തിന്റെ അണിയറ പ്രവർത്തകർ.