കാഞ്ഞങ്ങാട്: തുളുനാടൻ കളരിയുടെ ജ്വലിക്കുന്ന ഓർമ്മകൾ വീണ്ടെടുത്ത് കാഞ്ഞങ്ങാട് കുമ്മണാർ കളരിയിൽ ദേശീയ ചരിത്ര സെമിനാർ സംഘടിപ്പിച്ചു. നീലേശ്വരം പള്ളിക്കര കേണമംഗലം കഴകം ഭഗവതി ക്ഷേത്ര പെരുകളിയാട്ടത്തിന് മുന്നോടിയായി ചരിത്രാവബോധം വളർത്തുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കുന്ന ചരിത്ര സെമിനാറുകളിൽ ആദ്യത്തെ ദേശീയ ചരിത്ര സെമിനാർ കേണമംഗലം കഴകവും കുമ്മണാർ കളരിയും സംയുക്തമായി ചരിത്ര വിഭാഗം, പയ്യന്നൂർ കോളേജ് ചരിത്ര വിഭാഗം, നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്, കാഞ്ഞങ്ങാട് എന്നിവയുമായി സഹകരിച്ചു കൊണ്ടാണ് കാഞ്ഞങ്ങാട് കുമ്മണാർ കളരിയിൽ വെച്ച് സെമിനാർ സംഘടിപ്പിച്ചത്. “ഉത്തരകേരളത്തിലെ കളരികളുടെ ചരിത്രവും കുമ്മണാർ കളരിയും” എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളി ഉദ്ഘാടനം ചെയ്തു. പെരുങ്കളിയാട്ട ആഘോഷ കമ്മിറ്റി ചെയർമാനും ചരിത്രകാരനും നീലേശ്വരം നഗരസഭ മുൻ അധ്യക്ഷനുമായ പ്രൊഫ.കെ.പി.ജയരാജൻ അധ്യക്ഷത വഹിച്ചു. “തുളുനാടൻ കളരികൾ: ചരിത്രാവലോകനം” എന്ന വിഷയത്തിൽ കണ്ണൂർ സർവ്വകലാശാല ചരിത്ര വിഭാഗം മുൻ മേധാവി ഡോ.സി ബാലൻ മുഖ്യ ഭാഷണം നടത്തി. “തദ്ദേശീയ വൈദ്യവും കളരിചികിത്സയെന്ന ജ്ഞാനശാസ്ത്രവും” എന്ന വിഷയത്തിൽ കാലിക്കറ്റ് സർവ്വകലാശാല ചരിത്ര വിഭാഗം അധ്യാപകൻ ഡോ.സതീഷ് പാലങ്കി “തുളുനാടിൻ്റെ രാഷ്ടീയ – സമൂഹ്യ-സാമ്പത്തിക ചരിത്രത്തിൽ കളരികൾക്കുള്ള പ്രാധാന്യം” എന്ന വിഷയത്തിൽ കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് ചരിത്ര വിഭാഗം അധ്യാപകൻ
ഡോ: നന്ദകുമാർ കോറോത്ത് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. നെഹ്റു കോളേജ് ചരിത്ര വിഭാഗം മേധാവി സി.പി.രാജീവൻ സ്വാഗതവും കെ.വി. ബാബു നന്ദിയും പറഞ്ഞു. കുരിക്കൾ നാരായണൻ, കെ.വി. ഗോപാലൻ, കെ. വേണുഗോപാലൻ, കെ.വി. ജയൻ, പി.രമേശൻ, പി.കുഞ്ഞിക്കൃഷ്ണൻ, പി.രമേഷ് കുമാർ, പി.ഗോപീകൃഷ്ണൻ, ജയൻ വെള്ളിക്കോത്ത് എന്നിവർ സംസാരിച്ചു. കുമ്മണാർ കളരിയിലെ മൂത്തച്ഛൻ, ഇളയച്ഛൻ, മൂത്തമ്മ, ഇളയമ്മ എന്നിവർ ചേർന്ന് ദീപ പ്രജ്ജ്യോലനം നടത്തി.