നീലേശ്വരം: എൻ.സി.സി. 32 കേരള ബറ്റാലിയൻ പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് യൂനിറ്റിലെ സീനിയർ അണ്ടർ ഓഫീസർ എൻ. നന്ദകിഷോർ ഇന്ത്യാ ഗവൺമെൻ്റിൻ്റെ യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിൻ്റെ ഭാഗമായി ഭൂട്ടാൻ സന്ദർശിക്കും. യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമിലേക്ക് നടത്തിയ സെലക്ഷനിൽ നന്ദകിഷോർ കേരളത്തിൽ ഒന്നാം സ്ഥാനം നേടിയിരുന്ന നന്ദകിഷോർ ന്യൂഡൽഹിയിൽ വെച്ച് നടന്ന സെലക്ഷനിലാണ് അഭിമാനാർഹമായ നേട്ടം കൈവരിച്ചത്. പന്ത്രണ്ട് എൻ.സി.സി. കാഡററുകളാണ് ഇന്ത്യയിൽ നിന്ന് ഭൂട്ടാൻ സന്ദർശിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ടത്. ഡിസംബർ 12 മുതൽ 20 വരെ സംഘം ഭൂട്ടാനിൽ ചെലവഴിക്കും. ഭൂട്ടാൻ്റെ സ്വാതന്ത്ര്യ ദിനാഘോഷത്തിലും സാംസ്കാരിക വിനിമയ പരിപാടിയിലും പങ്കെടുക്കും.
2024 ൽ ന്യൂഡൽഹിയിൽ വെച്ചു നടന്ന റിപ്പബ്ലിക് ദിന ക്യാമ്പിൽ പങ്കെടുത്ത് കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിൻ്റെ നൂതന ആശയ അവതരണത്തിലും ഫ്ലാഗ് ഏരിയ അവതരണത്തിലും നേതൃത്വം വഹിച്ചിരുന്നു. റിപ്പബ്ലിക് ദിന ക്യാമ്പിൽ പങ്കെടുത്ത വിദേശ കാഡറ്റുകളുടെ സ്പോൺസർ കാഡറ്റ് കൂടിയായിരുന്നു. പാലക്കാട് മുതൽ കാസർഗോഡ് വരെയുള്ള എൻ.സി.സി. കോഴിക്കോട് ഗ്രൂപ്പിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏറ്റവും മികച്ച സീനിയർ ഡിവിഷൻ കാഡറ്റിനുള്ള കാഡറ്റസ് വെൽഫെയർ സൊസൈറ്റി സ്കോളർഷിപ്പ് നന്ദകിഷോറിനു ലഭിച്ചിരുന്നു. മധ്യപ്രദേശിൽ ജോലി ചെയ്യുന്ന കുണ്ടംകുഴി സ്വദേശിയായ എം.നാരായണൻ്റെയും കാസർഗോഡ് ചെമ്മനാട് അപ്സര പബ്ലിക് സ്ക്കൂൾ അധ്യാപിക എൻ.പ്രീതയുടേയും മകനായ നന്ദകിഷോർ മൂന്നാം വർഷ ബി.എസ്.സി. ഫിസിക്സ് വിദ്യാർത്ഥിയാണ്.
യൂത്ത് എക്സേഞ്ച് പരിപാടിയിൽ പങ്കെടുക്കുന്നതിനായി നന്ദകിഷോർ നവംബർ 30 ന് യാത്ര തിരിക്കും. ഡിസംബർ 3 മുതൽ ന്യൂഡൽഹിയിൽ വെച്ച് ഉന്നത ഉദ്യോഗസ്ഥരിൽ നിന്നും യാത്രാനുബന്ധ കാര്യങ്ങളിൽ പരിശീലനം നേടും. എൻ.സി.സി. കോഴിക്കോട് ഗ്രൂപ്പ് കമാൻണ്ടർ ബ്രിഗേഡിർ ഡി.കെ പാത്ര, 32 കേരള ബറ്റാലിയൻ കമാണ്ടിങ്ങ് ഓഫീസർ കേണൽ സി.സജീന്ദ്രൻ, നെഹ്റു കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി.മുരളി, അസോഷ്യേറ്റ് എൻ.സി.സി.ഓഫീസർ ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത് എന്നിവർ നന്ദകിഷോറിനെ അഭിനന്ദിച്ചു.