തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയുടെ സംക്ഷിപ്ത പുതുക്കൽ നടത്താൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചതിൻ്റെ അടിസ്ഥാനത്തിൽ നീലേശ്വരം നഗരസഭയിലെ കരട് വോട്ടർ പട്ടിക ജൂൺ 6ന് പ്രസിദ്ധീകരിക്കും. 2024 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയായവരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താം. പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള അപേക്ഷകളും കരട് പട്ടിക മേലുള്ള ആക്ഷേപങ്ങളും ജൂൺ 21 വൈകിട്ട് 5 മണി വരെ ഓൺലൈനിൽ സ്വീകരിക്കും. ജൂലൈ ഒന്നിനാണ് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുക.
പട്ടികയിൽ പുതിയതായി പേര് ചേർക്കുന്നതിനും (ഫോറം 4), ഉൾക്കുറിപ്പുകൾ തിരുത്തുന്നതിനും
(ഫോറം 6 ), ഒരു വാർഡിൽ നിന്നോ പോളിംഗ് സ്റ്റേഷനിൽ നിന്നോ സ്ഥാനമാറ്റം വരുത്തുന്നതിനും (ഫോറം 7), Sec. Kerala.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് നേരിട്ടോ അക്ഷയ സെൻറർ തുടങ്ങിയ സർക്കാർ അധികൃത ജനസേവന കേന്ദ്രങ്ങൾ മുഖേനയോ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.
ഓൺലൈനായി അപേക്ഷ അയക്കുമ്പോൾ തന്നെ കമ്പ്യൂട്ടർ ജനറേറ്റഡ് ഹിയറിങ് നോട്ടീസ് അപേക്ഷകന് ലഭിക്കും. (യഥാക്രമം ഫോറം നമ്പർ 12, 15, 15 A ).
വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നത് സംബന്ധിച്ചോ പേര് ഒഴിവാക്കുന്നത് സംബന്ധിച്ചോ ഉള്ള ആക്ഷേപങ്ങൾ ( ഫോറം 5) ഓൺലൈനായി രജിസ്റ്റർ ചെയ്യുകയും അവയുടെ പ്രിന്റൗട്ടിൽ അപേക്ഷകർ ഒപ്പ് രേഖപ്പെടുത്തി നേരിട്ടോ തപാലിലൂടെയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് ലഭ്യമാക്കുകയും വേണം.
ഇങ്ങനെ ലഭിക്കുന്ന അപേക്ഷകൾ , ആക്ഷേപങ്ങൾ എന്നിവയിൽ 2024 ജൂൺ 29 നകം ആവശ്യമായ പരിശോധന, അന്വേഷണം, നേർവിചാരണ എന്നിവ നടത്തി നടപടിക്രമങ്ങൾ പാലിച്ച് തുടർനടപടികൾ പൂർത്തീകരിക്കും.
വോട്ടർപട്ടിക പുതുക്കലിന്റെ മുന്നോടിയായി നഗരസഭാ പരിധിയിലെ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗം കഴിഞ്ഞദിവസം നഗരസഭാ ഓഫീസിൽ വിളിച്ചുചേർത്തിരുന്നു.
വോട്ടർപട്ടികയിൽ പേര് ചേർക്കുന്നതിനുള്ള അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നഗരസഭ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ കൂടിയായ നഗരസഭ സെക്രട്ടറി മനോജ് കുമാർ കെ അറിയിച്ചു.