
കണ്ണൂർ: മുഴപ്പിലങ്ങാട് ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ശിക്ഷാവിധി ഇന്ന്. സിപിഐഎം പ്രവർത്തകരാണ് സൂരജിനെ കൊലപ്പെടുത്തിയത്. തലശ്ശേരി ജില്ലാ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിക്കുന്നത്. കേസിലെ 12 പ്രതികളിൽ 9 പേർ കുറ്റക്കാരാണെന്ന് കഴിഞ്ഞദിവസം കോടതി കണ്ടെത്തിയിരുന്നു. കേസിലെ പത്താം പ്രതി നാഗത്താൻകോട്ട പ്രകാശനെ കോടതി വെറുതെ വിട്ടു. പ്രതികളിൽ രണ്ടുപേർ വിചാരണവേളയിൽ മരണപ്പെട്ടവരാണ്.
ടി പി കേസ് പ്രതി ടി കെ.രജീഷും മുഖ്യമന്ത്രിയുടെ പ്രസ്സ് സെക്രട്ടറി പി എം മനോജിന്റെ സഹോദരൻ മനോരാജ് നാരായണനും ഉൾപ്പെടെയുള്ളവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
2005 ഓഗസ്റ്റ് ഏഴിനായിരുന്നു സംഭവം. അഞ്ച് പേർക്കെതിരെ കൊലപാതകക്കുറ്റവും നാല് പേർക്കെതിരെ ഗൂഢാലോചന കുറ്റവും തെളിഞ്ഞിരുന്നു. പ്രതികൾ നിരപരാധികളാണെന്നും അപ്പീൽ പോകുമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.