
കാസര്‍കോട്: പെരുന്നാൾ ദിനത്തിൽ കാർ തടഞ്ഞുനിർത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ഹാഷിം ബംബ്രാണി (36), യെയും കുടുംബത്തെയും ആക്രമിച്ചു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ വിദ്യാനഗര്‍ പൊലീസ് കേസെടുത്തു. പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച ഉച്ചയ്ക്ക് ചെങ്കള, ബംബ്രാണി നഗറിലാണ് സംഭവം. ഹാഷിം ബംബ്രാണി ഭാര്യ സിഎം നഫീസത്ത് തസ്‌നിയ (30), കുട്ടികള്‍ എന്നിവർക്കാണ് പരിക്കേറ്റത്. ചെങ്കള, കോയപ്പാടിയില്‍ നിന്നു ബംബ്രാണി നഗറിലേക്ക് കാറില്‍ സഞ്ചരിക്കുന്നതിനിടയില്‍ ഒരു സംഘം ആള്‍ക്കാര്‍ കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. കാര്‍ നിര്‍ത്തി ഗ്ലാസ് താഴ്ത്തി കാര്യം അന്വേഷിച്ചപ്പോള്‍ ഒന്നാം പ്രതി ഇരുമ്പു വടി കൊണ്ട് ഹാഷിം ബംബ്രാണിയുടെ മുഖത്ത് കുത്തുകയും പുറത്തിറങ്ങാൻ ശ്രമിക്കുമ്പോൾ കൂടെ ഉണ്ടായിരുന്നവരും ചേര്‍ന്ന് അസഭ്യം പറയുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയുമായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. തടയാന്‍ ചെന്നപ്പോള്‍ ഭാര്യ നഫീസത്ത് തസ്‌നിയയെ കഴുത്തിന് പിടിച്ച് മാനഹാനി വരുത്തുകയും കുട്ടികളെ തള്ളി താഴെയിടുകയുമായിരുന്നുവെന്നുവത്രെ. ഹാഷിം ബംബ്രാണിയുടെ ഭാര്യ നല്‍കിയ പരാതി പ്രകാരം ചെങ്കളയിലെ നവാസ്, കരിം, മൂസിന്‍, കണ്ടാലറിയാവുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.