ചെറുവത്തൂർ – ഓരോ കാലഘട്ടത്തിൻ്റെയും സാമൂഹ്യപ്രശ്നങ്ങളോട് ഒറ്റയാൾ പ്രസ്ഥാനമായി പ്രതികരിച്ച, മലയാളത്തിൻ്റെ മന:സാക്ഷിയാണ് എംടി എന്ന് പ്രകാശൻ കരിവെള്ളൂർ അഭിപ്രായപ്പെട്ടു . വംശീയതയുടെയും അധികാരത്തിൻ്റെയും സ്വാതന്ത്ര്യനിഷേധത്തിൻ്റെയും ഹുങ്കുകളോട് ചങ്കുറപ്പോടെ പോരാടി എന്നതാണ് ആ അനശ്വര കഥാപാത്രങ്ങളുടെ കരുത്ത് . ജീർണ്ണ വ്യവസ്ഥിതിയെ ത്യാഗോജ്ജ്വലമായി ചെറുത്ത ആ അസുരവിത്തുക്കളെയാണ് ഇനി ഈ മണ്ണിൽ നട്ടു നനച്ച് മുളപ്പിക്കേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു . എംടിയുടെ പ്രധാന നോവലുകളിലൂടെയും കഥകളിലൂടെയും സിനിമകളിലൂടെയും ഓർമ്മക്കുറിപ്പുകളിലൂടെയുമുള്ള പ്രകാശൻമാഷിൻ്റെ തീർത്ഥയാത്ര സദസ്സിന് ഒരു അവിസ്മരണീയാനുഭവമായി . ചെറുവത്തൂർ പൊന്മാലം കുട്ടമത്ത് സ്മാരക സമിതി ആൻ്റ് ലൈബ്രറി സംഘടിപ്പിച്ച എംടി അനുസ്മരണ പരിപാടിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം . പ്രകാശൻ കരിവെള്ളൂരിൻ്റെ ഗുണ്ടകളുടെ ലൈബ്രറി , പരപ്പക്കാട്ടിൽ എന്നീ പുതിയ പുസ്തകങ്ങൾ വായനശാലയ്ക്ക് സമർപ്പിക്കുന്ന ചടങ്ങും അനുബന്ധമായി നടന്നു .
ഡോ. പി വി കൃഷ്ണകുമാർ , സജീവൻ കുട്ടമത്ത് , ടി . കമലാക്ഷൻ , രാജേന്ദ്രൻ പയ്യാടക്കത്ത് , ജയൻ പറമ്പത്ത് എന്നിവർ സംസാരിച്ചു