പയ്യന്നൂർ: പഴമയിലെ വേറിട്ട അനുഭവങ്ങൾ പ്രമേയമാക്കി വരകളിൽ ചാലിച്ച മൂനാ കൃഷ്ണൻ്റെ “ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ” ചിത്ര പ്രദർശനം പയ്യന്നൂർ കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി.
അനുദിനം സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ക്രൂരതയുടെ നേർമുഖങ്ങളായ “ഫേസിങ് അയ്സ്” , മറ്റുള്ളവരുടെ പിന്തള്ളലിൽ പൊലിഞ്ഞുപോകുന്ന മനുഷ്യരുടെ ദുരനുഭവങ്ങൾക്ക് നേർസാക്ഷ്യമായ “സ്റ്റെപ്പിങ് സ്റ്റോൺസ്” എന്നീ ചിത്രങ്ങൾ ഇതിൽ വേറിട്ടതാണ്.
ഓല മെടഞ്ഞു വീടുണ്ടാക്കിയ കാലം,ദുരന്തത്തിലെ പ്രതീക്ഷകൾ, മാതൃത്വമാണ് അമ്മ, അന്ധകാരത്തിലെ ദീപം,ശങ്ക് നാദത്തിലെ സംഗീതം തുടങ്ങിയ മുപ്പതോളം ചിത്രങ്ങളാണ് പ്രദർശനത്തിന് ഒരുക്കിയിരിക്കുന്നത്. പ്രദർശനം എം. വിജിൻ എം. എൽ. എ ഉൽഘാടനം ചെയ്തു. കേരള ലളിതകലാ അക്കാദമി മുൻ അംഗം ആർട്ടിസ്റ്റ് രവീന്ദ്രൻ തൃക്കരിപ്പൂർ അധ്യക്ഷത വഹിച്ചു. രാഘവൻ കടന്നപ്പള്ളി, എഴുത്തുകാരൻ ചന്ദ്രൻ മുട്ടത്ത്, എം .പ്രദീപൻ, ഗംഗാധരൻ മേലേടത്ത് എന്നിവർ പ്രസംഗിച്ചു. എം. പവിത്രൻ സ്വാഗതവും, മൂനാകൃഷ്ണൻ പരിയാരം നന്ദിയും പറഞ്ഞു. പ്രദർശനം 13 – ന് അവസാനിക്കും.