സർക്കാരിൻറെ കരുതലും കൈത്താങ്ങും അനുഭവിച്ചറിഞ്ഞ മംഗല്‍പാടിയിലെ മുഹമ്മദലി റാണ സന്തോഷത്തിലാണ്. ഇരു കാലുകളും തളര്‍ന്ന മുഹമ്മദലി സുഹൃത്തുക്കളുടെ സഹായത്തിലാണ് അദാലത്തിനെത്തിയത്. വീല്‍ ചെയറിലിരിക്കുന്ന മുഹമ്മദലിയെ കാണാന്‍ കായികം ന്യൂനപക്ഷ ക്ഷേമം വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ മഞ്ചേശ്വരം താലൂക്ക് അദാലത്ത് വേദിയിൽ നിന്ന് താഴേക്ക് ഇറങ്ങി വന്നു. വീടും ഭാര്യയും മക്കളും ഇല്ലാത്ത താന്‍ ഒരു വര്‍ഷമായി സഹോദരന്റെ കൂടെയാണ് താമസമെന്നും മരുന്നിന് മാത്രം പ്രതിമാസം 7000 രൂപ വരെ ചിലവ് വരുന്നുണ്ടെന്നും മുഹമ്മദലി മന്ത്രിയോട് പറഞ്ഞു. പെട്ടിക്കട തുടങ്ങുന്നതിന് ധനസഹായം വേണമെന്നും മുഹമ്മദലി പറഞ്ഞു.
മുഹമ്മദലിയുടെ പരാതി മുഴുവനും ശ്രദ്ധയോടെ കേട്ട ശേഷം മന്ത്രി ജില്ലാ സാമൂഹിക നീതി ഓഫീസറിനോട് ഭിന്നശേഷി കോര്‍പ്പറേഷനുമായി ചേര്‍ന്ന് മുഹമ്മദലിക്ക് പെട്ടിക്കട തുടങ്ങുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കാന്‍ നിര്‍ദ്ദേശിച്ചു. നിലവില്‍ എ.എ.വൈ റേഷന്‍കാര്‍ഡിന് ഉടമയായ മുഹമ്മദലിയെ അദാലത്തില്‍ വന്ന അപേക്ഷയെന്ന പ്രത്യേക പരിഗണന നല്‍കി അതിദരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് മന്ത്രി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌ട്രോക്ക് വന്നതിനെ തുടര്‍ന്ന് ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ നേരിടുകയും മരുന്ന് വാങ്ങിക്കാൻ പോലും ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്ന മുഹമ്മദലിക്ക് സൗജന്യമായി മരുന്ന് നല്‍കണമെന്നും അതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യത്തിന് മന്ത്രി നിര്‍ദ്ദേശം നല്‍കി. വളരെ അര്‍ഹതപ്പെട്ട മുഹമ്മദലിക്ക് വീട് വെച്ച് നല്‍കാന്‍ ആവശ്യമായ നടപടി വേണമെന്നും അദാലത്തില്‍ പരിഗണിച്ച വിഷയമെന്ന നിലയില്‍ പ്രത്യേക പരിഗണന നൽകണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മുഹമ്മദലിയെ പോലെയുള്ള നിരാലംബരായ മനുഷ്യരെ സഹായിക്കുന്നതിനാണ് സർക്കാർ കരുതലും കൈത്താങ്ങും അദാലത്ത് കൊണ്ട് ലക്ഷ്യമിടുന്നതെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു.അതിദരിദ്ര പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് സാങ്കേതിക തടസ്സങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ ഇടപെടുമെന്നും മന്ത്രി പറഞ്ഞു.