
പയ്യന്നൂർ: പോഷകങ്ങളുടെ സമ്പന്നകലവറയായ ചെറുധാന്യങ്ങൾക്ക് (Millets/ മില്ലെറ്റ്സ്) പ്രാമുഖ്യമുള്ള ഭക്ഷ്യഉല്പന്നങ്ങൾ തയ്യാറാക്കി നൽകാൻ മില്ലെറ്റ് കഫെകൾ സംസ്ഥാനത്ത് എല്ലാ ജില്ലയിലും തുടങ്ങാനുള്ള കാർഷിക വികസന കർഷക്ഷേമ വകുപ്പ് കേരള സർക്കാർ പദ്ധതിയുടെ ഭാഗമായി കണ്ണൂർ ജില്ലയിലെ മില്ലെറ്റ് കഫെ (ചെറുധാന്യ ഭക്ഷണശാല) പയ്യന്നൂരിൽ മാർച്ച് 22 ശനിയാഴ്ച രാവിലെ 9.30 മുതൽ പ്രവർത്തന മാരംഭിക്കുന്നു.
വർഷങ്ങളായി ജൈവകൃഷി രംഗത്ത് പ്രവർത്തിച്ചുവരുന്ന, മില്ലെറ്റ് ഭക്ഷണവും കൃഷിയും പ്രചരിപ്പിച്ചുവരികയും ചെയ്യുന്ന കർഷകരുടെ കൂട്ടായ്‌മയായ ജൈവഭൂമി നാച്വറൽ ഫാർമേഴ്സ് സൊസൈറ്റിയാണ് പയ്യന്നൂരിൽ മില്ലെറ്റ് കഫെ ഏറ്റെടുത്ത് നടത്തുന്നത്. പയ്യന്നൂർ കൊക്കാനിശ്ശേരിയിൽ ഡിവൈ.എസ്.പി.ഓഫീസിന് പിറകുവശമുള്ള കെട്ടിടത്തിലാണ് മില്ലെറ്റ് കഫെ പ്രവർത്തനമാരംഭിക്കുന്നത്.
അന്തർദേശീയ മില്ലെറ്റ് വർഷാചരണത്തോട് അനുബന്ധിച്ചാണ് സംസ്ഥാന സർക്കാർ പോഷക സമൃദ്ധി മിഷന്റെ ഭാഗമായി ചെറുധാന്യ കഫെകൾ സ്ഥാപിക്കാൻ ലക്ഷ്യമിട്ടത്.
അരി, ഗോതമ്പ് എന്നിവയെക്കാൾ പോഷകസമ്പന്നമാണ് മില്ലെറ്റുകൾ. പ്രോട്ടീനുകൾ, വിറ്റാമിനുകൾ, ധാതുലവണങ്ങൾ, നാരുകൾ എന്നിവ കൂടുതലാണ്.
പയ്യന്നൂർ മില്ലെറ്റ് കഫേയിൽ ജൈവരീതിയിൽ ഉത്‌പാദിപ്പിച്ച ചാമ(Little millet) തിന(Foxtail millet), റാഗി(Finger millet), വരക് (Kodo millet), കുതിര വാലി (Barnyard millet), പനിവരക് (Proso millet), മണിച്ചോളം(Jovar), കമ്പം (Pearl millet), കൊറലേ (Browntop millet) എന്നീ ചെറുധാന്യങ്ങളുടെ വിവിധ വിഭവങ്ങളായ ദോശ, പുട്ട്, ഇഡലി, ഉപ്പുമാവ്, പറാത്ത, അട, വട, കട്ലറ്റ്, മൂട അപ്പം, വെജ് ബിരിയാണി, കുഞ്ഞി, പായസം, സൂപ്പ്, സാദം, അംബലി, റാഗിമുദ്ദ, ബാക്കാർ വടി, ഹെൽത്ത്ഡ്രിങ്ക്, റാഗി സ്മൂത്തി, മില്ലെറ്റ് കുക്കീസ്, ലഡു, ഹലുവ എന്നിങ്ങനെ വൈവിധ്യവും ആരോഗ്യകരവുമായ മില്ലെറ്റ് വിഭവങ്ങൾ കഫേയിൽ ലഭിക്കും. രാവിലെ 8.30 മുതൽ വൈകീട്ട് 7.30 വരെയാണ് കഫെ പ്രവർത്തിക്കുന്നത്.
22 ന് ശനിയാഴ്ചരാവിലെ 9.30 ന് പയ്യന്നൂർ നഗരസഭ ചെയർ പേഴ്‌സൺ കെ.വി.ലളിതയുടെ അധ്യക്ഷതയിൽ ടി. ഐ. മധുസൂദനൻഎം. എൽ. എ ഉൽഘാടനം ചെയ്യും. ചടങ്ങിൽ പയ്യന്നൂർ കൃഷി ഓഫീസർ അനുജ രവീന്ദ്രൻ സ്വാഗതം പറയും പരിപാടിയിൽ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ രാഖി.കെ പദ്ധതി വിശദീകരിക്കും. തുടർന്ന് മണിയറ ചന്ദ്രൻ (വാർഡ് കൗൺസിലർ), ഷീന. കെ.വി. (മുൻ കൃഷി ഓഫീസർ), വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സംഘടനാ പ്രതിനിധികൾ ആശംസകൾ നേരും. വാർത്ത സമ്മേളനത്തിൽ പി പി.രാജൻ, അത്തായി ബാലൻ, ശാന്താ ശ്രീധരൻ ,കെ. പി. വിനോദ്, സുരേഷ് കല്ലത്ത് എന്നിവർ സംബന്ധിച്ചു.