ഏപ്രില്‍ 26ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ജില്ലയിലെ കഠിനമായ ചൂടിന്റെ സാഹചര്യത്തില്‍ പോളിങ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കാന്‍ കാസര്‍കോട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ നിയോഗിച്ചു. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളും കുടുംബാരോഗ്യ കേന്ദ്രങ്ങളും ഏപ്രില്‍ 25,26 തീയ്യതികളില്‍ രാത്രി എട്ട് വരെ പ്രവര്‍ത്തിക്കും.
അടിയന്തിര വൈദ്യസഹായം ഉറപ്പ് നല്‍കി ഏപ്രില്‍ 25, 26 തീയ്യതികളില്‍ എല്ലാ വിതരണ കേന്ദ്രങ്ങളിലും മുഴുവന്‍ സമയവും മെഡിക്കല്‍ ടീം സേവനം ലഭ്യമാക്കും. എല്ലാ പോളിങ് ഉദ്യോഗസ്ഥര്‍ക്കും മെഡിക്കല്‍ കിറ്റുകള്‍ വിതരണ കേന്ദ്രങ്ങളില്‍ നിന്നും നല്‍കും. ഹീറ്റ് സ്‌ട്രോക്ക് പോലുള്ള താപനില വര്‍ധിക്കുമ്പോഴുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിനാവശ്യമായ എന്തൊക്കെ ചെയ്യാം എന്തൊക്കെ അരുത് എന്ന് പറയുന്ന ഹാന്‍ഡ് ഔട്ടും സന്ദേശങ്ങളും വിതരണ കേന്ദ്രങ്ങളില്‍ നല്‍കും. അടിയന്തിര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാന്‍ മൊബൈല്‍ പട്രോളിങ് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കും. സെക്ടറല്‍ ഓഫീസര്‍മാരും മെഡിക്കല്‍ടീമുകളും ചേര്‍ന്ന് പ്രവര്‍ത്തിക്കും.
വെല്ലുവിളി നിറഞ്ഞ കാലാവസ്ഥകള്‍ക്കിടയിലും സുഗമവും കാര്യക്ഷമവുമായ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ നടത്തിപ്പിന് പോളിംഗ് ഉദ്യോഗസ്ഥരുടെ ആരോഗ്യവും ക്ഷേമവും സംരക്ഷിക്കേണ്ടതുണ്ട്. ഇതിനായി എല്ലാവരും നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സഹകരിച്ച് പ്രവര്‍ത്തിക്കാനും തെരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.