മടിക്കൈ കോട്ടക്കുന്ന് തലക്കാനം വെള്ളച്ചേരി റോഡ് സാമൂഹ്യ വിരുദ്ധരുടെ വിഹാര കേന്ദ്രമാകുന്നു. റോഡിനരികിലും സ്വകാര്യ വ്യക്തികളുടെ സ്ഥലത്തും രാത്രി 7 കഴിഞ്ഞാൽ മദ്യപാനികളുടെ വിളയാട്ടമാണ്. കശുമാവിൻ തോട്ടത്തിൽ കുപ്പി പൊളിച്ചിട്ട് സ്ഥലം ഉടമകളെ ദുരിതത്തിലാക്കുകയായിരുന്നു നേരത്തെ ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ വഴി യാത്രികരായ സ്ത്രീകൾക്ക് നേരെ അസ്ലീല പ്രദർശനം നടത്തുന്നതും പതിവായിട്ടുണ്ട്. ആളുകൾ നാണക്കേടോർത്ത് പരാതിപ്പെടാത്തതാണ് ഇക്കൂട്ടർക്ക് ധൈര്യമാകുന്നത്. ജനവാസം കുറഞ്ഞ മേഖലയായതിനാൽ ഒറ്റപ്പെട്ട് കഴിയുന്ന വീട്ടുകാരും പേടി കാരണം ഇവരെ ചോദ്യം ചെയ്യാറില്ല. രാത്രി ഏറെ വൈകിയാലും മദ്യപിച്ച് ബഹളമുണ്ടാക്കുന്നതായി സമീപവാസികൾ പറയുന്നു. അടുത്തിടെ മദ്യപസംഘം യുവതിക്ക് നേരെ അസ്ലീല പ്രദർശനം നടത്തിയത് ചോദ്യം ചെയ്ത ഭർത്താവിനെ അക്രമിക്കാനും ശ്രമം നടന്നിരുന്നു.
അസമയത്ത് ബൈക്കുകളിലെത്തി കഞ്ചാവ് ഇടപാട് നടത്താനും ഈ പ്രദേശത്തെ ഉപയോഗിക്കുന്നുണ്ട്.
യുവജന സംഘടനകളെങ്കിലും ഇടപെട്ട് പ്രദേശത്തെ മദ്യപരെ നിയന്ത്രിക്കണമെന്നും പ്രദേശത്ത് പൊലീസ് രാത്രി കാല പരിശോധന നടത്തണമെന്നും ആവശ്യമുയരുന്നുണ്ട്.