ബോവിക്കാനം അതിർത്തി ഗ്രാമമായ ദേലംപാടിയിൽ നിന്നാരംഭിച്ച് കമ്യണിസ്റ്റ് കർഷകസമര പോരാട്ടങ്ങളുടെ കേന്ദ്രമായ ഇരിയണ്ണിയിൽ സമാപിച്ച കാസർകോട് ലോക്‌സഭാ മണ്ഡലം സ്ഥാനാർഥി എം വി ബാലകൃഷ്ണൻ മാസ്‌റ്ററുടെ പര്യടനത്തിന് സ്നേഹാർദ്രമായ വരവേൽപ്പ്.
ദേലംപാടിയിലാരംഭിച്ച് അടുക്കം, ബെള്ളച്ചേരി, മല്ലംപാറ, പാണ്ടി, പള്ളഞ്ചി, കാനത്തൂർ, കോട്ടൂർ, കോപ്പാളംകൊച്ചി, കെട്ടുംകല്ല്, ബോവിക്കാനം എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ഇരിയണ്ണിയിൽ സമാപിച്ചു.
രക്തസാക്ഷികളുടെ നാടായ ദേലംപാടിയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ സ്വീകരണത്തിെനെത്തി. മല്ലംപാറയിൽ നാടിന്റെ തനത് കലാരൂപമായ മംഗലംകളി ആവേശമുണർത്തി. പള്ളഞ്ചിയിൽ ന്യൂനപക്ഷമേഖലയിൽനിന്നടക്കം നിരവധിയാളുകൾ സ്ഥാനാർഥിയെ കാണാനെത്തി. ബലൂണുകൾ ഉയർത്തിയും വിവിധവർണങ്ങളിൽ ചിഹ്നം പതിച്ച കൊടിതോരണങ്ങൾ വീശിയും സ്വീകരണകേന്ദ്രം നിറമുള്ളതാക്കി. പൊസോളിഗേ വാദ്യകലാസംഘത്തിന്റെ ശിങ്കാരിമേളവും മുത്തുകുടയും സ്വീകരണകേന്ദ്രങ്ങൾക്ക് മിഴിവേകി.
മുളിയാറിലും വൻജനമാണ് സ്ഥാനാർഥിയെ വരവേറ്റത്. ഇരിയണ്ണിയിലെ സ്വീകരണം ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഘോഷയാത്രയൊരുക്കിയായിരുന്നു സ്വീകരണം. രാത്രിവൈകിയിട്ടും നൂറുകണക്കിനാളുകൾ സ്ഥാനാർഥിയെ കാത്തുനിന്നു. നൂറോളം ചൂട്ടുകൾ കത്തിച്ച് ഘോഷയാത്രയിൽ വെളിച്ചമൊരുക്കി. ബലൂണുകളും വർണശബളമായ അലങ്കാരങ്ങളും സ്വീകരണം ഗംഭീരമാക്കി. എൽഡിഎഫ് ഉദുമ മണ്ഡലം കമ്മിറ്റിയൊരുക്കിയ തെരുവുനാടകം ‘ബർത്താനം’ പര്യടനത്തിന്റെ ഉദ്ഘാടനം ഇരിയണ്ണിയിൽ നടന്നു.
വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ പി ജനാർദനൻ, ടി കൃഷ്ണൻ, വി രാജൻ, ഇ പത്മാവതി, കെ മണികണ്ഠൻ, എം മാധവൻ, മധു മുതിയക്കാൽ, കെ കുഞ്ഞിരാമൻ, എ പി ഉഷ, എ ചന്ദ്രശേഖരൻ, ടി നാരായണൻ, സി രാമചന്ദ്രൻ, ടി നാരായണൻ, രാധാകൃഷ്ണൻ പെരുമ്പള എന്നിവർ സംസാരിച്ചു.