ബംഗാളിലെ സിലിഗുഡിയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. കാഞ്ചൻജംഗ എക്‌സ്പ്രസും ഗുഡ്‌സ് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അസാമിലെ സിൽച്ചറിൽ നിന്ന് കൊൽക്കത്തയിലെ സീയാൽദയിലേക്ക് പോയ ട്രെയിൻ ആണ് അപകടത്തിൽപ്പെട്ടത്.
കൂട്ടിയിടിയിൽ കാഞ്ചൻജംഗ എക്സ്പ്രസിന്‍റെ മൂന്ന് ബോഗികള്‍ പാളം തെറ്റി. പൊലീസും ദുരന്ത നിവാരണ സേനയും സ്ഥലത്തേക്ക് പുറപ്പെട്ടെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. അപകടത്തെതുടര്‍ന്ന് മൂന്ന് ബോഗികള്‍ക്കിടയിലായി നിരവധി പേര്‍ കുടുങ്ങികിടക്കുന്നതായാണ് വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നത്. കാഞ്ചൻജംഗ എക്സ്പ്രസ് ട്രെയിനിന്‍റെ മൂന്ന് ബോഗികളാണ് പാളം തെറ്റിയതെന്ന് പൊലീസ് പറഞ്ഞു. ട്രെയിനിന്റെ പിന്നിൽ വന്ന് ഗുഡ്‌സ് ട്രെയിൻ ഇടിക്കുകയായിരുന്നു. രംഗപാണി റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്. രക്ഷാപ്രവർത്തനം തുടരുകയാണ്.