കരിവെള്ളൂർ: പ്രശസ്ത നോവലിസ്റ്റ് ലളിതാംബിക അന്തർജനത്തിൻ്റെ ‘മാണിക്കൻ ‘എന്ന കഥയെക്കുറിച്ച് പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ചർച്ച സംഘടിപ്പിച്ചു.വളർത്തുമൃഗങ്ങളെ തങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെ കരുതി അവരെ പേരിട്ട് വിളിച്ച് ഓമനിച്ച് പോറ്റിയിരുന്ന ഒരു കാലത്തെക്കുറിച്ച് കാലിച്ചാനടുക്കം ഗവ. ഹൈസ്കൂൾ പ്രധാനാധ്യാപകനും കവിയുമായ കലിയാന്തിൽ നാരായണൻ്റെ അവതരണം ഗൃഹാതുരത്വമുണർത്തി. സ്വന്തം മാതാ പിതാക്കളെ പോലും ഉപയോഗം കഴിഞ്ഞ വസ്തുവായി കരുതുന്ന കാലത്ത് ഭൂമിയുടെ അവകാശികളായി, നമ്മോടൊപ്പം ജീവിച്ച് മരിക്കാൻ അവകാശമുള്ള മിണ്ടാ പ്രാണികൾ ഉപയോഗം കഴിഞ്ഞാൽ ഉപേക്ഷിക്കേണ്ട ഉപഭോഗവസ്തു മാത്രമായി കരുതപ്പെടുന്നത് അത്ഭുതമല്ലെന്ന് അദ്ദേഹം പറഞ്ഞു.
മാണിക്കൻ എന്ന കാളയുടെ കഥ കരുണ, ദീനാനുകമ്പ, സഹജീവി സ്നേഹം, അഹിംസ എന്നീ സദ്ഗുണങ്ങൾ കുഞ്ഞു മനസ്സുകളിൽ വേരോടിക്കുവാൻ എത്രയോ സഹായിച്ചിരുന്നു. സ്കൂൾ പാഠപുസ്തകത്തിൽ പരിചയിച്ച കഥയിലെ ഗുണപാഠം മുതിർന്ന ശ്രോതാക്കൾ ഓർമ്മിച്ചെടുത്തു.
തന്റെ പുലമാടത്തിലേക്ക് ജൻമിയുടെ വീട്ടിൽ നിന്നും കൊണ്ടുവന്ന മാണിക്കൻ എന്ന കാളക്കുട്ടനെ കറമ്പനും മകൻ അഴകനും മകൾ നീലിയും ഓമനിച്ചു വളർത്തി. അവരുടെ സ്നേഹവാത്സല്യങ്ങളേറ്റ് വളർന്ന അവൻ ഒരു ഒത്ത ഉഴവുകാളയായി. അഴകുറ്റ മാണിക്കനെക്കണ്ട് അസൂയ മൂത്ത ചിലരുടെ ഏഷണി കേട്ട യജമാനൻ മാണിക്കനെ ബലമായി പിടിച്ചു കൊണ്ടുപോയി ഏതോ വണ്ടിക്കാരനു വിറ്റു.
കാലങ്ങൾക്കു ശേഷം, ജീവിത പ്രാരാബ്ധ നിവൃത്തിക്കായി കൂപ്പുപണിയ്ക്ക് പോയ അഴകൻ കഷ്ടപ്പെട്ട് സമ്പാദിച്ച ഇത്തിരി കാശുമായി തിരിച്ചു വരും വഴി രാത്രിയിൽ കൊക്കയിൽ വീണു കിടന്ന കാളവണ്ടിയിലെ വണ്ടിക്കാരനെയും കൊമ്പും കാലുമൊടിഞ്ഞ കാളയെയും രക്ഷപെടുത്തുന്നു. അർദ്ധ വെളിച്ചത്തിൽ ആ വയസ്സൻ കാളയുടെ കഴുത്തിനു കീഴിലെ നേർത്ത പുള്ളി കണ്ട് തന്റെ കളിത്തോഴനെ തിരിച്ചറിയുന്നു. തൻ്റെ കാളയെ അറവുശാലയ്ക്ക് വിൽക്കുന്നുവെന്ന വണ്ടിക്കാരന്റെ വാക്കുകൾ ഞെട്ടലോടെ കേൾക്കുന്നു.
പണിയെടുത്ത് മിച്ചം വെച്ച നാലര രൂപയ്ക്ക് കാലും കൊമ്പുമൊടിഞ്ഞ മാണിക്കനെ വാങ്ങി മുടന്തി മുടന്തി നടത്തി വെറും വെള്ളം കലത്തിൽ തിളക്കുന്ന കുടിലിലേക്ക് ,വിശന്ന വയറുകളുമായി പാവാടത്തുണിയും പയവും മുട്ടായിയും കാത്തിരുന്ന മക്കൾക്കു മുൻപിലേക്കെത്തുന്നു. കഥാ പ്രസംഗം പോലെ ഹൃദ്യമായ അവതരണം ശ്രോതാക്കളെ കണ്ണീരിലാഴ്ത്തി.
പ്രകൃതിരമണീയമായ വയൽക്കരയിലെ കൊടക്കൽ നാരായണൻ്റെയും ഷീബയുടെയും വീട്ടുമുറ്റത്ത് നടന്ന പരിപാടിയിൽ പി.വി. വിജയൻ അധ്യക്ഷനായി. ബേബി. ടി.ടി. ദിയ, ടി.വി. ഗിരിജ ടീച്ചർ, കൊടക്കാട് നാരായണൻ ,ശശിധരൻ ആലപ്പടമ്പൻ ,എം. അമ്പുകുഞ്ഞി, കെ.വി. മധു മാഷ്, കെ. സുബൈർ, കെ.സി. മാധവൻ സംസാരിച്ചു.