
പയ്യന്നൂർ: മലയാള ഭാഷാ പാഠശാലയുടെ ഒ. ചന്തുമേനോൻ നോവൽ പുരസ്കാരം, അംബികാസുതൻ മാങ്ങാടിനും മുരളീമോഹനും അർഹരായി. അംബികാസുതൻ മാങ്ങാടിന്റെ അല്ലോ – ഹലൻ എന്ന നോവലിനും മുരളിമോഹൻ രചിച്ച കതിവനൂർ വീരൻ – ദൈവവും കനലാടിയും എന്ന നോവലിനുമാണ് പുരസ്കാരം. ചന്തുമേനോൻനോവൽ പുരസ്‌കാരം മെയ് മൂന്നിന് പാഠശാലയുടെ 23-ാം വാർഷികത്തോടനുബന്ധിച്ച് പാഠശാലയിൽ വച്ച് സമർപ്പിക്കും. സി. രാധാകൃഷ്ണൻ, സൂര്യാകൃഷ്‌ണമൂർത്തി യു.കെ. കുമാരനുമാണ് അവാർഡ് നിർണ്ണയ കമ്മിറ്റിയിലെ അംഗങ്ങൾ. സി.രാധാകൃഷ്ണനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. അവാർഡുതുകയായ 15,000 രൂപ വീതവും വെങ്കലശില്‌പവും സ്പോൺസർ ചെയ്യുന്നത് ഐപെക് കമ്പനി എൽ എൽ സി മസ്‌കറ്റ് ആണ്.
വെങ്കല ശില്പം രൂപകല്‌പന ചെയ്തത്പ്രശസ്‌ത ശില്‌പി ചിത്രൻ കുഞ്ഞിമംഗലമാണ്. മെയ് 3ന് നടക്കുന്ന പാഠശാലാവാർഷികത്തിൽ വച്ച് ഡയറക്ടറായ ടി.പി. ഭാസ്‌കരപ്പൊതുവാൾ പുരസ്‌കാരങ്ങൾ നൽകുന്നതാണ്. വാർത്ത സമ്മേളനത്തിൽ കെ വി എൻ മണികണ്ഠൻ , എം.ടി. അന്നൂർ, ശിവപ്രസാദ് ഷേണായി, ജോൺസൺ പുഞ്ചക്കാട്, ബാലകൃഷ്ണൻ ആന്ധ്രാഉത്തമന്തിൽ എന്നിവർ പങ്കെടുത്തു.