തിരുവിതാംകൂർ ദേവസ്വം ബോർഡിന് പിന്നാലെ അരളിപ്പൂവിന് മലബാർ ദേവസ്വം ബോർഡും വിലക്കേർപ്പെടുത്തി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഇനി അരളിപ്പൂവ് ഉപയോഗിക്കില്ല.
ജീവനെടുക്കാൻ ശേഷിയുള്ള വിഷാംശം ഉണ്ടെന്ന സംശയം ശക്തമായതോടെ അരളിപ്പൂവിന് ക്ഷേത്രങ്ങളിൽ വിലക്ക്. പ്രസാദത്തിലും നിവേദ്യത്തിലും ഇന്ന് മുതൽ അരളിപ്പൂവ് ഉപയോഗിക്കില്ല. പൂജയ്ക്ക് മാത്രം അരളിപ്പൂവ് ഉപയോഗിക്കാനാണ് തീരുമാനം. ഇക്കാര്യം വ്യക്തമാക്കി ഇന്ന് സർക്കുലറിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്തും മലബാർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എം ആർ മുരളിയും അറിയിച്ചിട്ടുണ്ട്.
അരളി ചെടിയുടെ പൂവ് കഴിച്ച യുവതി മരിച്ച വാര്‍ത്തയ്ക്ക് പിന്നാലെയാണ് വിഷയം വലിയ ചർച്ചയായത്. പത്തനംതിട്ടയിൽ അരളി ചെടിയുടെ ഇല തിന്ന് പശുവും കിടാവും ചത്തതും വാർത്തയായി. തുടർന്നാണ് അരളിയിലെ വിഷാംശം ചർച്ചയായതും ശാസ്ത്രീയ പരിശോധനകളിലേക്കും പരിഹാരങ്ങളിലേക്കും നീങ്ങിയതും. വന ഗവേഷണ കേന്ദ്രം അരളിയിലെ വിഷത്തെ കുറിച്ച് സ്ഥിരീകരണം നടത്തിയിരുന്നു.