
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിസംഘടിപ്പിച്ച ഫിഖ്ഹ്, വഖഫ് സെമിനാർ കാഞ്ഞങ്ങാട് ബിഗ് മാൾ ഓഡിറ്റോറിയത്തിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻറും കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഖാസിയുമായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു. വൈവാഹിക ജീവിതത്തിന്റെ ഭദ്രത നിലനിർത്താൻ മഹല്ല് കമ്മിറ്റികൾ ബോധവൽക്കരണം നടത്തണമെന്ന് അദ്ദേഹം ആഹ്വാനം നൽകി. വിവാഹം വിവാഹ മോചനം പുനർ വിവാഹം മുതലായവയിലെ ഇസ്‌ലാമിക വീക്ഷണം സമൂഹത്തിന് കൃത്യമായി മനസിലാക്കിക്കൊടുക്കാൻ ഖത്വീബുമാർ ജാഗ്രത പുലർത്തണമെന്നും അവയിൽ അനിസ്‌ലാമികത കടന്നു കൂടാതിരിക്കാൻ അവർ നടത്തുന്ന പ്രബോധന പ്രവർത്തനങ്ങൾക്ക് മഹല്ല് കമ്മിറ്റി പൂർണ്ണ പിന്തുണ നൽകണമെന്നും ഖാസി തുടർന്നു പറഞ്ഞു.
നിലവിലെ പാർലമെന്റിന്മുമ്പിലുള്ള വഖ്ഫ് ഭേദഗതി നിയമം ഉയർത്തുന്ന ആശങ്കകളും വെല്ലുവിളികളും ഭീഷണികളും സംബന്ധിച്ചും വിവിധങ്ങളായ കോടതികളിൽ നിന്നും വിവാഹ മോചനവുമായി ബന്ധപ്പെട്ടിട്ടുണ്ടാകുന്ന പുതിയ വിധികൾ ഉയർത്തുന്ന പ്രശ്നങ്ങൾ സംബന്ധിച്ചും വിശദീകരിക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച സെമിനാറിൽ മുൻ കേന്ദ്ര വഖ്ഫ് കൗൺസിൽ സെക്രട്ടറി അഡ്വ. ബി എം ജമാൽ, പ്രമുഖ കർമ്മ ശാസ്ത്ര പണ്ഡിതൻ മുഹമ്മദ് സഅദി വളാഞ്ചേരി എന്നിവർ വിഷയാവതരണം നടത്തി സംസാരിച്ചു.
കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് പ്രസിഡൻറ് സി കുഞ്ഞഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ബഷീർ വെള്ളിക്കോത്ത് ആമുഖ ഭാഷണം നടത്തി. മാവുങ്കാൽ ജമാഅത്തിനുള്ള ശിഹാബ് തങ്ങൾ സ്മാരക മംഗല്യ നിധി സഹായ വിതരണം ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ നിർവ്വഹിച്ചു. കാഞ്ഞങ്ങാട് സംയുക്ത മുസ്‌ലിം ജമാഅത്ത് ഭാരവാഹികളായ എം കെ അബൂബക്കർ ഹാജി, മുബാറക് ഹസൈനാർ ഹാജി, ജാതിയിൽ ഹസൈനാർ, ശരീഫ് എഞ്ചിനീയർ, റഷീദ് തോയമ്മൽ, താജുദ്ദീൻ കമ്മാടം,വിവിധ മഹല്ല് ജമാഅത്ത് ഖത്വീബ്, പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ, സംയുക്ത ജമാഅത്ത് പ്രവർത്തക സമിതി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.