കരിവെള്ളൂർ കൂക്കാനം ഗവ:യു.പി സ്കൂൾ ഏർപ്പെടുത്തിയ മികച്ച വായനക്കാർക്കുള്ള പ്രഥമ അവാർഡ് പി.ശബരീനാഥ് നേടി. അനുശ്രീ എ.കെ, ശിവഗംഗ.എച്ച് എന്നിവർ പ്രത്യേക ജൂറി പുരസ്കാരത്തിനർഹരായി.
പോയ വർഷം വായിച്ച പുസ്തകങ്ങൾ, മറ്റ് ആനുകാലികങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ആസ്വാദന കുറിപ്പും അഭിമുഖവും പരിഗണിച്ചാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. എഴുത്തുകാരായ സി.എം വിനയചന്ദ്രൻ മാസ്റ്റർ, രാജേഷ് കടന്നപ്പള്ളി, വിനു മുത്തത്തി, ഗ്രന്ഥശാലാ പ്രവർത്തകനും ദേശീയ അധ്യാപക അവാർഡു ജേതാവുമായ കൊടക്കാട് നാരായണൻ മാസ്റ്റർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
സ്കൂൾ ചുറ്റുവട്ടത്തുള്ള ഗ്രന്ഥശാലകളാണ് മികച്ച വായനക്കാരെ അവാർഡിനായി നോമിനേറ്റു ചെയ്തത്. വായിച്ച പുസ്തകങ്ങളുടെ വായനക്കുറിപ്പുകളും പരിശോധനക്ക് വിധേയമാക്കി.
അധ്യാപികയും മികച്ച വായനക്കാരിയുമായിരുന്ന കൊടക്കാട് ഓലാട്ടെ അകാലത്തിൽ പൊലിഞ്ഞുപോയ എം.വി. ഗീതാമണി ടീച്ചറുടെ ഓർമ്മയ്ക്കാണ് പുരസ്കാരം ഏർപ്പെടുത്തിയത്.