എം.എ. മുംതാസ് എഴുതിയ” ഹൈമെ നോകലിസ്” എന്ന യാത്രാ വിവരണ പുസ്തകം നവംബർ 10 ന് ഷാർജാ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്യും. കോഴിക്കോടുള്ള ലിപി ആണ് പ്രസാധകർ. പ്രശസ്ത എഴുത്തുകാരൻ അസീം താന്നിമൂടാണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്.
“പുസ്തകത്തിന്റെ തലക്കെട്ടുപോലെ ഒരു പൂവോ മരുപ്പച്ചയോ തേടി കാതങ്ങള്‍ താണ്ടിയെത്തി ആരോ അലയുന്നതിന്റെ നെടുമൂച്ചുകള്‍ ശ്രവിക്കാനാകുന്നു. എന്തിനുവേണ്ടിയാണോ ആദിമകാല മനുഷ്യര്‍ ആദ്യപുറപ്പാടിനൊരുങ്ങിയത്, കുടിയേറ്റങ്ങള്‍ തീര്‍ത്തത്,പലായനങ്ങള്‍ ചെയ്തത്,എന്തിനുവേണ്ടിയാണോ നാവികരായ ഡയസും കൊളംബസും ഗാമയുമൊക്കെ കൊടും തിരകള്‍ മുറിച്ചു കടന്ന് അലഞ്ഞുകൊണ്ടിരുന്നത് അതിന്റെയെല്ലാം ചെറിയൊരുവിഹിതം മുംതാസിന്റെ ഈ അലച്ചിലുകളിലും ശ്രവിക്കാനാകുന്നുണ്ട്.മനസു നിറയെ ഷാര്‍ജാ ഇന്റര്‍ നാഷ്ണല്‍ ബുക്ഫെയറുമായി കാസര്‍ഗോഡു നിന്നും യാത്രതിരിച്ച ഒരെഴുത്തുകാരി തനിയേ അറേബ്യയുടെ സാമൂഹികവും സാംസ്കാരികവും ചരിത്രപരവുമായ എല്ലാ ഇടങ്ങളും തൊട്ടറിഞ്ഞതിന്റെ,അതിന്മേലുള്ള പരിമിതികളെയൊക്കെ മറന്നും പ്രതിസന്ധികളെയൊക്കെ മറികടന്നും മുന്നേറിയതിന്റെ ധീരതകൂടി അധികമായ് അതിലുണ്ടെന്നും” അവതാരികയിൽ അസീം താന്നിമൂട് പറയുന്നു.
മക്ക, മദീന , ദുബൈ, അബുദാബി , തുടങ്ങിയ അറേബ്യൻ നാടുകളിലൂടെ എഴുത്തുകാരി സഞ്ചരിച്ച്, അവിടുത്തെ ചരിത്രപരവും, സാംസ്ക്കാരികവും, ഭൂമിശാസ്ത്രപരവുമായ സവിശേഷതകളെ കുറിച്ചാണ് പുസ്തകത്തിലെ പ്രമേയം.
തൻബീഹുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂളിലെ ചരിത്ര വിഭാഗം അധ്യാപികയായ മുംതാസിൻ്റെ മറ്റ് കൃതികളാണ് മിഴി , ഓർമ്മയുടെ തീരങ്ങളിൽ, ഗുൽമോഹറിൻ ചാരെ, ടുലിപ്പ് പൂക്കൾ വിരിയും കാശ്മീർ താഴ്‌വരയിലൂടെ, എന്നിവയാണ്.