
നീലേശ്വരം: ബംഗളം റോഡ് അരികിൽ മാലിന്യം തള്ളിയ പിക്കപ്പ് വാനും ഡ്രൈവറെയും നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.തെക്കൻ ബംഗളം ബ്ലോക്ക് ഓഫീസ് റോഡിൽ പള്ളത്തിന് സമീപത്ത് ഇന്നലെ രാത്രി മാലിന്യം തള്ളാൻ എത്തിയ ബംഗളം സൗദാ മൻസിൽ മൊയ്തുവിന്റെ മകൻ മുഹമ്മദ് കുഞ്ഞി(63)യാണ് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. മാലിന്യം തള്ളാൻ ഉപയോഗിച്ച കെ.എൽ 60 യു 21 31 നമ്പർ പിക്കപ്പ് വാനും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഏതാനും നാളുകളായി ഇയാൾ ഇവിടെ രാത്രികളിൽ പിക്കപ്പ് വാനിൽ മാലിന്യങ്ങൾ തള്ളുന്നത് പതിവായിരുന്നു. കഴിഞ്ഞദിവസം നാട്ടുകാർ ഇയാളെ പതിയിരുന്ന് പിടികൂടുകയായിരുന്നു.
നീലേശ്വരം എസ് ഐ ശ്രീകുമാറും സംഘവും എത്തി ഇയാളെ അറസ്റ്റ് ചെയ്ത് വാഹനം കസ്റ്റഡിയിലെടുത്തു. ജലസ്രോതസ്സുകൾ മലിനമാക്കുന്ന വിധത്തിൽ പൊതു സ്ഥലം വൃത്തിഹീനമാക്കി നിയമവിരുദ്ധമായി പ്രകൃതിക്ക് കേടുപാടുകൾ വരുത്തുകയും പൊതുജനങ്ങളുടെ ജീവന് അപായമാകും വീതം വ്യാധി പടർത്താൻ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുകയും ചെയ്തു എന്ന കുറ്റംചുമത്തിയാണ് ഇയാൾക്കെതിരെ കേസ് എടുത്തത്.