ബാലചന്ദ്രൻ ചുള്ളിക്കാടിൻ്റെ പ്രശ്നം പരിഹരിക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. അഡ്മിനിസ്ട്രേഷൻ്റെ പ്രശ്‌നമാണ്, ചുരുങ്ങിയ ഫണ്ട് കൊണ്ടാണ് സാഹിത്യോത്സവം നടക്കുന്നത്. ബാലചന്ദ്രനുണ്ടായ പ്രശ്നത്തിൽ ഞങ്ങൾക്ക് സങ്കടമുണ്ട്.
ചുള്ളിക്കാട് ഉന്നയിച്ചത് പൊതുവായ പ്രശ്നമാണെന്നും ഇതിനെ ഒരു വ്യക്തി പ്രശ്നമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള സാഹിത്യ അക്കാദമിയുടെ അന്താരാഷ്ട്രാ സാഹിത്യോത്സവത്തില്‍, 3500 രൂപ ടാക്‌സി കൂലി ചെലവാക്കി എത്തിയ തനിക്ക് പ്രതിഫലമായി കിട്ടിയത് 2400 രൂപ മാത്രമാണെന്നാണ് എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാട് പറഞ്ഞത്. ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ സുഹൃത്ത് സിഐസിസി ജയചന്ദ്രനാണ് കവിയെ ഉദ്ധരിച്ച് ഇക്കാര്യം ഫേസ്ബുക്കിൽ എഴുതിയത്. അക്കാദമി ക്ഷണിച്ചത് അനുസരിച്ച് കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാനാണ് ചുള്ളിക്കാട് എത്തിയത്.