തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. സിപിഐഎം 15 സീറ്റില്‍ മത്സരിക്കും. സിപിഐ നാല് സീറ്റിലും കേരള കോണ്‍ഗ്രസ് എം ഒരു സീറ്റിലും മത്സരിക്കും. കേരള കോണ്‍ഗ്രസ് എമ്മിന്റെ രണ്ടാം സീറ്റ് ആവശ്യം അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഇതോടെ കേരള കോണ്‍ഗ്രസ് കോട്ടയത്ത് മാത്രമായിരിക്കും മത്സരിക്കുക.ആര്‍ജെഡിയും സീറ്റ് ആവശ്യം ഉന്നയിച്ചു. സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ക്ക് പ്രാതിനിധ്യം വേണമെന്ന നിലപാടിലായിരുന്നു ആര്‍ജെഡി. 1952 മുതല്‍ കേരളത്തില്‍ സോഷ്യലിസ്റ്റുകള്‍ മത്സരിക്കുന്നുണ്ടെന്ന് ചൂണ്ടികാട്ടിയാണ് സീറ്റ് ആവശ്യം ഉന്നയിച്ചത്. എന്നാല്‍ കഴിഞ്ഞ തവണത്തെ സ്ഥിതി തുടരുമെന്നും സോഷ്യലിസ്റ്റുകള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി നിലപാട് എടുത്തു.
2019ൽ 16 സീറ്റിൽ സിപിഐഎമ്മും നാല് സീറ്റിൽ സിപിഐയുമാണ് മത്സരിച്ചു വന്നിരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കേരള കോൺഗ്രസ് എം മുന്നണിയുടെ ഭാഗമായതോടെയാണ് അവർ മത്സരിച്ചു വന്നിരുന്ന കോട്ടയം സീറ്റ് നൽകിയത്.