തേഞ്ഞിപ്പലം : കലിക്കറ്റ് സർവ്വകലാശാല ഡിപ്പാർട്ടുമെൻ്റൽ സ്റ്റുഡൻസ് യൂണിയൻ ഓഫീസ് കെ എസ് യു – എം എസ് എഫ് അക്രമികൾ തകർത്തു. വിദ്യാർത്ഥിനികൾ ഉൾപ്പടെ നാല് പേർക്ക് സാരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി ഒമ്പതരയോടെയാണ് അക്രമണം നടത്തിയത്. യുഡിഎസ്എഫ് കാരുടെ നേതൃത്വത്തിലുള്ള യൂനിവേഴ്സിറ്റി യൂണിയൻ കഴിഞ്ഞ നാലു ദിവസങ്ങളിലായി കാമ്പസിൽ നടത്തുന്ന ‘ കഫിൻ കാർണിവലി’ ൻ്റെ മറവിലാണ് അക്രമികൾ സർവ്വകലാശാല കാമ്പസിൽ തമ്പടിച്ചത്. മാരകായുധങ്ങളുമായിട്ടാണ് അഴിഞ്ഞാടിയത്. കാമ്പസിൽ എസ് എഫ് ഐ സ്ഥാപിച്ചിട്ടുള്ള ഛായാ ചിത്രങ്ങൾ തകർക്കാനും കെ എസ് യു – എം എസ് എഫ് അക്രമികൾ ശ്രമിച്ചു. ഇത് എസ് എഫ് ഐ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎസ്എഫുകാർ ഡി എസ് യു ഓഫീസ് തകർത്തത്. വാതിൽ പൊളിച്ചു. ഫർണ്ണീച്ചറുകൾ മുഴുവനനായി നശിപ്പിച്ചു. വാട്ടർ കൂളറിനും നാശനഷ്ടമുണ്ടാക്കി. യൂനിവേഴ്സിറ്റി യൂണിയൻ മലപ്പുറം ജില്ല എക്സിക്യൂട്ടീവംഗം പി കെ മുബഷിറിൻ്റെയും പി എ ജവാദിൻ്റെയും നേതൃത്വത്തിലാണ് അക്രമം നടത്തിയത്. ഡി എസ് യു വൈസ് ചെയർമാൻ കെ കീർത്തന, അലേഖ് ആർ നാഥ്, ബി എസ് അക്ഷയ്, തീർത്ഥ സുനിൽ, നിഖിൽ റിയാസ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. യൂനിവേഴ്സിറ്റി യൂണിയൻ്റെ കാലാവധി കഴിഞ്ഞെങ്കിലും പുതിയ യൂണിയൻ നിലവിൽ വന്നിട്ടില്ലയെന്ന സാങ്കേതികത്വത്തിലാണ് നിലവിൽ കെ എസ് യു – എം എസ് എഫുകാർ തുടരുന്നത്. ഈ യൂണിയൻ്റെ ചെയർപേഴ്സണടക്കം കഴിഞ്ഞ കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ തോറ്റവരാണ്. ഡി എസ് യു ഭരിക്കുന്നത് എസ് എഫ് ഐ ആണ്.