കോരിച്ചൊരിയുന്ന കർക്കിടകം വരികയായി. വാതസംബന്ധമായ അസുഖത്താൽ പ്രയാസപ്പെടുന്നവയോജനങ്ങൾക്ക് കൈത്താങ്ങായി പടന്ന ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ്.
തരിപ്പ്, കൈകാൽവേദന, ഉളുക്ക് , എന്നിവയ്ക്ക് പരമ്പരാഗതമായി ആയുർവ്വേദ വൈദ്യൻമാർ നിർമിച്ചു നൽകുന്ന കൊട്ടം ചുക്കാദി തൈലം നാട്ടു തനിമയോടെയും പാരമ്പര്യ സിദ്ധിയിലൂടെയും തയ്യാറാക്കുകയാണ്. പുളിയില, ഉമ്മത്തില, വെളുത്ത എരിക്കില, കൊട്ടം, ചുക്ക്, വയമ്പ്, ദേവതാരം, കാർത്തോട്ടിവേര്,വെളുത്തുള്ളി, കടുക്, ചെഞ്ചല്യം, സാമ്രാണി തൈര് ,വെള്ളം, എള്ളെണ്ണ എന്നിവ ചേർത്ത് തയ്യാറാക്കുന്ന തൈലം വാർഡിലെ വയോജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്തു. വാർഡ് മെമ്പറും പ്രമുഖ സിനിമാ താരവുമായ പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്ററാണ് തുടർച്ചയായി രണ്ടാം വർഷവും കൊട്ടംചുക്കാദി തൈലം സൗജന്യമായി നൽകുന്നതിന് മുന്നിൽ നിന്ന് പ്രവർത്തിച്ചത്.
തൃക്കരിപ്പൂരിലെ കെ.വി. കൃഷ്ണപ്രസാദ് വൈദ്യർ തൈലം തയ്യാറാക്കുന്നതിന് നേതൃത്വം നൽകി. തലേന്നാൾ തന്നെ ഇതിനാവശ്യമായ പുളിയിലയും ഉമ്മത്തിലയും മുരിങ്ങത്തോലും പ്രവർത്തകരുടെ കൂട്ടായ്മയിൽ ശേഖരിക്കുകയും നാടൻ രീതിയിൽ ഉരൽ, ഉലക്ക എന്നിവ ഉപയോഗിച്ച് യന്ത്രസഹായമില്ലാതെയാണ് തയ്യാറാക്കിയത്.