കൊടകര കള്ളപ്പണക്കേസിൽ തുടരന്വേഷണത്തിന് എട്ടംഗ സംഘത്തിന് അന്വേഷണ ചുമതല. കൊച്ചി ഡിസിപി സുദർശൻ ഐപിഎസാണ് അന്വേഷണ സംഘത്തലവൻ. തൃശ്ശൂർ ഡിഐജി തോംസൺ ജോസിനാണ് അന്വേഷണത്തിൻ്റെ മേൽനോട്ടം. ഇരിങ്ങാലക്കുട ഡിവൈഎസ്പി രാജുവാണ് അന്വേഷണ ഉദ്യോഗസ്ഥൻ. കൊടകര എസ് എച്ച് ഒ വലപ്പാട് എസ്ഐ ഉൾപ്പെടെയുള്ള എട്ടുപേരാണ് അന്വേഷണസംഘത്തിലുള്ളത്. ഇത് സംബന്ധിച്ച് ഡിജിപി ഉത്തരവ് ഇറക്കിയിട്ടുണ്ട്.
ബിജെപി തൃശൂർ ജില്ലാ കമ്മിറ്റി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊടകര കുഴൽപ്പണ കേസിൽ തുടരന്വേഷണത്തിന് സർക്കാർ വീണ്ടും തയാറെടുക്കുന്നത്. നേരത്തെ പൊലീസിലെ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ച് റിപ്പോർട്ട് സർക്കാരിന് കൈമാറിയിരുന്നു. പുനരന്വേഷണത്തിന് കോടതിയുടെ അനുമതി ലഭിച്ചാൽ ഉടൻ തന്നെ കേസിൽ അന്വേഷണം ആരംഭിക്കും.
തിരൂർ സതീഷിന്റെ മൊഴി രേഖപ്പെടുത്തി പ്രാഥമിക വിവര ശേഖരണം നടത്തുമെന്നാണ് വിവരം. കൊടകരയില്‍ പിടികൂടിയ മൂന്നരക്കോടിയുടെ കുഴല്‍പ്പണം ബി.ജെ.പി. ഓഫീസില്‍ എത്തിച്ചാണ് കടത്തിയതെന്നായിരുന്നു തിരൂര്‍ സതീഷ് വെളിപ്പെടുത്തൽ.