പൗരത്വ ഭേദഗതി നിയമം വർഗീയ അജണ്ടയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് കേരളം നടപ്പാക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചതാണ്, അതുതന്നെയാണ് ഇപ്പോഴും ആവര്‍ത്തിച്ചു പറയാനുള്ളത്. ഈ നിലപാട് എല്ലാതരത്തിലും ഉറപ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിനാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഒറിജിനല്‍ സ്യൂട്ട് ഫയല്‍ ചെയ്തതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഭരണഘടനയുടെ അന്തഃസത്തയ്ക്ക് വിരുദ്ധവും ജനങ്ങളുടെ മതാടിസ്ഥാനത്തില്‍ വിഭജിക്കുന്നതുമാണ് നിയമം. സംഘപരിവാറിന്റെ തീവ്രഹിന്ദുത്വ അജന്‍ഡയുടെ ഭാഗമാണിത്. വിഭജനരാഷ്ട്രീയത്തിലൂടെ തെരഞ്ഞെടുപ്പില്‍ നേട്ടംകൊയ്യാനുള്ള സംഘപരിവാറിന്റെ ഹീനമായ നീക്കമാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.
സിഎഎ എല്ലാ അർത്ഥത്തിലും ഇന്ത്യ എന്ന ആശയത്തിനുള്ള വെല്ലുവിളിയാണ്. ഇസ്ലാം മതവിശ്വാസികള്‍ക്ക് മാത്രം പൗരത്വം നിഷേധിക്കുന്നു. മതത്തെ അടിസ്ഥാനപ്പെടുത്തിയ പൗരത്വസങ്കല്‍പ്പം രാജ്യത്തിന്റെ ഭരണഘടനയിലുള്ളതല്ല. മൗലികാവകാശങ്ങള്‍ ഹനിക്കുന്ന ഒരു നിയമവും സര്‍ക്കാരുകള്‍ക്ക് കൊണ്ടുവരാന്‍ കഴിയില്ല. പാകിസ്താനിലെ അഹമദീയ മുസ്ലിങ്ങള്‍, അഫ്ഗാനിസ്ഥാനിലെ ഹസരവിഭാഗം, മ്യാന്‍മറിലെ റോഹിംഗ്യകള്‍, ശ്രീലങ്കയിലെ തമിഴ് വംശജര്‍ എല്ലാം പൗരത്വത്തിന്റെ പടിക്കുപുറത്താവുന്നത് സിഎഎയുടെ രാഷ്ട്രീയലക്ഷ്യത്തെയാണ് വ്യക്തമാക്കുന്നത്. കുടിയേറിയ മുസ്ലിങ്ങളുടെ പൗരത്വത്തെ നിയമവിരുദ്ധമാക്കുകകൂടിയാണ് സിഎഎയുടെ യഥാര്‍ഥ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക മതവിശ്വാസത്തെ പൗരത്വം നിര്‍ണയിക്കുന്ന വ്യവസ്ഥയാക്കുകയാണ്. ഇത് ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ്. പുറംന്തള്ളലിന്റെ രാഷ്ട്രീയമാണിത്. മുസ്ലിം ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരന്മമാരായി കണക്കാക്കുന്നു. ഭരണഘടനയ്ക്കുപകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാര്‍ തലച്ചോറുകളില്‍ നിന്നാണ് ഈ വിഷലിപ്തമായ നിയമം ജന്മംകൊണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.