തിരുവനന്തപുരം: ഇത്തവണ ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി രണ്ടക്കം കടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ മലയാളികള്‍ കൂടുതല്‍ ആവേശത്തിലാണെന്നും 2019നേക്കാള്‍ 2024ല്‍ ജനങ്ങള്‍ക്ക് കൂടുതല്‍ ആവേശമുണ്ടെന്നും കേരളത്തില്‍ എന്‍ഡിഎയുടെ സീറ്റുകള്‍ രണ്ടക്കം കടക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും മോദി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവര്‍ക്കും നമസ്കാരമെന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് മോദി പ്രസംഗം ആരംഭിച്ചത്. അനന്തപത്മനാഭ സ്വാമിയെ നമസ്കരിക്കുകയാണെന്നും രാജ്യത്തിന്‍റെ പുരോഗതിയ്ക്കുവേണ്ടി അനന്തപത്മനാഭ സ്വാമിയുടെ അനുഗ്രഹം തേടുകയാണെന്നും മോദി പറഞ്ഞു.
തിരുവനന്തപുരത്ത് വരുന്നത് സന്തോഷമുള്ള കാര്യമാണ്. ഏറ്റവും സ്നേഹമുള്ള ആളുകളുള്ള നഗരമാണിത്. കഴിഞ്ഞ വര്‍ഷം തിരുവനന്തപുരത്ത് വന്നപ്പോള്‍ നഗരം നിറഞ്ഞു കവിഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങള്‍ എക്കാലത്തും എന്നെ സ്നേഹിച്ചിട്ടുണ്ട്. ആ സ്നേഹം തിരിച്ചുനല്‍കാന്‍ കൂടുതല്‍ പരിശ്രമിക്കും. കേരളം എന്നും സ്നേഹം നല്‍കി. ഇത്തവണ മലയാളികൾക്ക് കൂടുതൽ ആവേശം കാണുന്നുവെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ രാജ്യത്താകെ നാനൂറിലധികം സീറ്റുകൾ എന്നതാണ് ഇത്തവണത്തെ എന്‍ഡിഎയുടെ മുദ്രാവാക്യമെന്നും മോദി പറഞ്ഞു. കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങല്‍ക്കുള്ള പരിഗണന കേരളത്തിനും നല്‍കിയെന്നും മോദി പറഞ്ഞു.
മോദി ഗ്യാരണ്ടി തിരുവനന്തപുരത്തും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി ഇന്ത്യയെ മാറ്റുമെന്നും അതാണ് മോദിയുടെ ഗ്യാരണ്ടിയെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലെ യുവാക്കൾക്ക് മികച്ച ഉന്നത വിദ്യാഭ്യാസം ഉറപ്പിക്കും. കേരളത്തിലെ യുവാക്കൾക്ക് മെച്ചപ്പെട്ട തൊഴിൽ നൽകും. ഇതാണ് മോദിയുടെ ഗ്യാരണ്ടി. സംസ്ഥാന സർക്കാർ നിസ്സഹരിച്ചിട്ടും വികസനത്തിൽ കേന്ദ്രം പരിഗണന നൽകി. പ്രതിപക്ഷം തോൽവി ഉറപ്പിച്ചു കഴിഞ്ഞു. മോദിയെ അസഭ്യം പറയൽ ആണ് പ്രതിപക്ഷം ചെയ്യുന്നത്. കേരളം ഇത്തവണ എന്‍ഡിഎയെ തുണക്കും. കേരളത്തിന്‍റെ പ്രതീക്ഷകൾ സഫലമാക്കുമെന്നു ഉറപ്പ് നൽകുന്നു.
കേരളത്തോട് ഒരിക്കലും ബിജെപി വിവേചനം കാണിച്ചിട്ടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾക്കുള്ള പരിഗണന കേരളത്തിനും നൽകി. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കുടുംബാധിപത്യത്തിന് ശ്രമിക്കുകയാണ്. കേരളത്തിൽ പോരാടിക്കുന്നവർ പുറത്തു സഖ്യത്തിലാണെന്ന് ഇന്ത്യ സഖ്യത്തെ വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞു. കേരളത്തിന് പുറത്ത് കോണ്‍ഗ്രസും സിപിഎമ്മും ആത്മാര്‍ത്ഥ സുഹൃത്തുക്കളാണെന്നും മോദി പരിഹസിച്ചു. കേരളത്തിൽ കോൺഗ്രസും സിപിഎമ്മും മാറി മാറി ഭരിക്കുന്നതാണ് രീതി. കേരളത്തിൽ പുതിയ വ്യവസായമില്ല. തൊഴിലുമില്ല. ഈ ലോക് സഭ തെരഞ്ഞെടുപ്പ് മാറ്റത്തിനുള്ള അവസരമാണെന്നും നരേന്ദ്ര മോദി പറഞ്ഞു.
വിക്രം സാരാഭായി സ്പേസ് സെന്‍ററിലെ പരിപാടിക്കുശേഷം ഉച്ചയോടെയാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയത്. ഉച്ചക്കുശേഷം പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക് പോകും. നാളെ ഉച്ചയോടെ തിരുനെല്‍വേലിയില്‍ നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 1.15 ന് മഹാരാഷ്ട്രയിലേക്ക് പോകും.