നിലേശ്വരം: പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രം മാർച്ച് 4 മുതൽ 9 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ വരവ് അറിയിച്ചുകൊണ്ട് പ്രോഗ്രാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ തിരുവാതിരഇന്ന് വൈകു ന്നേരം 6 മണി മുതൽ പള്ളിക്കര ഭഗവതി ക്ഷേത്രം മൈതാനിയിൽ അരങ്ങേറും. തിരുവാതിരയിൽ കണ്ണൂർ, കാസർഗോഡ് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ആറു മുതൽ 70 വയസ്സു വരെയുള്ള 700 ഓളം കലാകാരികൾ ചുവടുവെക്കും. ലിംക ബുക്ക് ഓഫ് റെക്കോർഡ്സിൽ ഈ തിരുവാതിരക്കളിയുടെ അവതരണം ഇടംപിടിക്കുന്നതിനായി 22 സ്ഥലങ്ങളിലായിട്ടാണ് കഴിഞ്ഞ മൂന്നുമാസമായി കേണമംഗലം കഴകം പെരുങ്കളിയാട്ട പ്രോഗ്രാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരുവാതിര കളിയുടെ പരിശീലനം പൂർത്തിയാക്കിയത്. രണ്ട് തവണയായി പള്ളിക്കരയിലെ ഡിവൈൻ പ്രൊവിഡൻസ് സ്കൂൾ മൈതാനിയിൽ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് റിഹേഴ്‌സലും നടന്നു. കെ ജയശ്രീ ടീച്ചർ, മായ കൈലാസ് നാഥ് എന്നീ ഡാൻസ് അധ്യാപികമാരുടെ ക്ഷണത്തിലാണ് തിരുവാതിരയുടെ പരിശീലനം പൂർത്തിയാക്കിയത്.