
കാഞ്ഞങ്ങാട് : പണ്ഡിതനും വ്യാപാര പ്രമുഖനുമായിരുന്ന അതിഞ്ഞാൽ കേക്കെപുരയിൽ ഹസ്സൻ ഹാജിയുടെ ഓർമ്മക്കായി കുടുംബ കൂട്ടായ്മ ഏർപ്പെടുത്തിയ പ്രഥമ പുരസ്കാരം പ്രശസ്ത പണ്ഡിതനും ദേളി ജാമിഅ : സഅദിഅ : അറബിഅ : കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ സഅദുൽ ഉലമ എ പി അബ്ദുല്ല മുസ്‌ലിയാർ മാണിക്കോത്തിന് സമർപ്പിക്കുമെന്ന് കൂട്ടായ്മ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സഅദിഅ ശരിഅത്ത് കോളേജ് പ്രിൻസിപ്പാളും സമസ്ത കേന്ദ്ര മുശാവറ അംഗവുമാണ്. മാണിക്കോത്ത് കർഷക കുടുംബത്തിൽ ജനിച്ച അബ്ദുല്ല മുസ്‌ലിയാർ പള്ളിദർസുകളിൽ പഠിച്ചുവളർന്ന് പട്ടിക്കാട് ജാമിഅ നൂരിഅ കോളേജിൽ നിന്നാണ് മതപഠനം പൂർത്തിയാക്കിയത്. ശംസുൽ ഉലമ ഇ കെ അബൂബക്കർ മുസ്ലിയാരുടെ ശിഷ്യരിൽ പ്രമുഖനാണ് അബ്ദുല്ല മുസ്‌ലിയാർ. 10000 രൂപയും ഫലകവും പ്രശംസ പത്രവുമാണ് പുരസ്കാരം. മെയ് മൂന്നാം വാരത്തിൽ നടക്കുന്ന ഹസ്സൻ ഹാജി കുടുംബ സംഗമത്തോട് അനുബന്ധിച്ചായിക്കും പുരസ്കാര സമർപ്പണം നടത്തുക. ഭാരവാഹികളായ ടി മുഹമ്മദ് അസ്ലം, മാട്ടുമ്മൽ ഹസ്സൻ ഹാജി, എം മുഹമ്മദ് കുഞ്ഞി മുഫീദ, ഷബീർ ഹസ്സൻ എന്നിവർ വാർത്ത സമ്മേളനത്തിൽ സംബന്ധിച്ചു.