2023 വർഷത്തെ കൃഷിവകുപ്പിൻ്റെ കർഷക അവാർഡ്ദാന ചടങ്ങ് തിരുവനന്തപുരം നിയമസഭാ കോപ്ലക്സിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥ പ്രമുഖർ എന്നിവർ സന്നിഹിതരായിരുന്നു. കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക്പൊതുമേഖലാ സ്ഥാപനം വിഭാഗത്തിൽ കൃഷി വകുപ്പിൻ്റെ ഒന്നാം സ്ഥാനം ലഭിച്ച കെസിസിപി ലിമിറ്റഡിനുള്ള അവാർഡ് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദിൽ നിന്നും കമ്പനി മാനേജിംഗ് ഡയരക്ടർ ആനക്കൈ ബാലകൃഷ്ണൻ ഏറ്റുവാങ്ങി. കമ്പനി ഡയറക്ടർബോർഡ് അംഗങ്ങളായ വ്യവസായ വകുപ്പ്ഡപ്യൂട്ടി സെക്രട്ടറി ബൈജുകുമാർ, ധനകാര്യ വകുപ്പ് അണ്ടർസെക്രട്ടറി എസ്. എസ്ശ്രീരാജ്. എന്നിവരും സന്നിഹിതരായിരുന്നു.
കമ്പനിയുടെ കരിന്തളം യൂണിറ്റിൽ 50 ഏക്കറോളം വരുന്ന ഖനനം പൂർത്തിയായ ഭൂമിയിൽ നടത്തിയ പാഷൻഫ്രൂട്ട് കൃഷി, മിയാവാക്കി പച്ചത്തുരുത്ത്, കുറ്റ്യാട്ടൂർ മാവിൻ തോട്ടം, വാഴക്കൃഷി, മറ്റു വിവിധ തരം കൃഷിരീതികളെല്ലാം പരിഗണിച്ചാണ് അവാർഡ്.
കരിന്തളത്ത് രണ്ട് ഏക്കർ സ്ഥലത്താണ് പാഷൻഫ്രൂട്ട് കൃഷി ചെയ്തിരിക്കുന്നത്. വാഴക്കുളം പൈനാപ്പിൾ റിസേർച്ച് സ്റ്റേഷൻ വികസിപ്പിച്ച P134 എന്ന വൈവിധ്യമാർന്ന പാഷൻ ഫ്രൂട്ടാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്.ഖനനം പൂർത്തിയാക്കിയ 15 ഏക്കർ സ്ഥലത്ത് മനോഹരമായ മിയാവാക്കി പച്ചത്തുരുത്തും സൃഷ്ടിച്ചിരിക്കുകയാണ് കെസിസിപിഎൽ. 150 ഇനങ്ങളിലായി 1800 ഓളം വൃക്ഷതൈകൾ ഇവിടെ കാണാൻ കഴിയും. .കുറ്റ്യാട്ടൂർ മാങ്ങ എന്നറിയപ്പെടുന്ന മാങ്ങയുടെ 105 തൈകൾ ഇവിടെ നട്ടിട്ടുണ്ട്. 1 ഏക്കർ സ്ഥലത്ത് ഇവ കൃഷി ചെയ്തു വരുന്നു.). കാർഷിക സർവകലാശാല വികസിപ്പിച്ചെടുത്ത 250 എണ്ണം ടിഷ്യു വാഴ ഇവിടെ കൃഷി ചെയ്തു വരുന്നുണ്ട്. കൂടാതെ ½ ഏക്കർ സ്ഥലത്ത് കപ്പക്കൃഷിയും, ചീര, ഇഞ്ചി, പച്ചമുളക്, വെണ്ടക്ക, വഴുതനങ്ങ മുതലായവയും കൃഷി ചെയ്തു വരുന്നു. ഗിർ, കാങ്ക്രേജ്, സഹിവാൾ മുതലായ ഇനങ്ങളിലെ കന്നുകാലികളുടെ ഒരു ഫാം ഇവിടെ ഉണ്ട്. കൃഷിക്ക് ആവശ്യമായ ചാണകം ഇവിടെ നിന്ന് തന്നെ ശേഖരിക്കുന്നതാണ്. മത്സ്യകൃഷിയിൽ വളരെ വിപുലമായ രീതിയിൽ ചെയ്തു വരുന്നു.
കമ്പനിയുടെ പഴയങ്ങാടി യൂണിറ്റിൽ അരയേക്കറോളം വരുന്ന സ്ഥലത്ത് ചെണ്ടുമല്ലി, നേന്ത്രവാഴ,പച്ചക്കറികൾ മുതലായവയും മാങ്ങാട്ടുപറമ്പ യൂണിറ്റിൽ 2 ഏക്കറോളം പാഷൻഫ്രൂട്ട് കൃഷിയും നീലേശ്വരം യൂണിറ്റിൽ അരയേക്കറോളം സ്ഥലത്ത് നേന്ത്രവാഴ കൃഷിയും ചെയ്തുവരുന്നു.
കൂടാതെ കമ്പനിയുടെ നീലേശ്വരം, പഴയങ്ങാടി യൂണിറ്റുകളിൽ അഗ്രിപ്പിത്ത് എന്ന ബ്രാന്റിൽ ചകിരി കമ്പോസ്റ്റും വിപണിയിലിറക്കിയിട്ടുണ്ട്
മൈനിംഗ് പൂർത്തിയാക്കിയ സ്ഥലങ്ങളെയെല്ലാം ജൈവവൈവിദ്ധ്യ കലവറയാക്കി മാറ്റുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി കെസിസിപിഎൽ നടത്തിയ പ്രയത്നം ഫലവത്തായതിന്റെ അടിസ്ഥാനത്തിലാണ് ഈ അവാർഡ് ലഭിച്ചിരിക്കുന്നത്. തൊഴിലാളികളുടെ ‘ആത്മാർത്ഥമായ സഹകരണവും കൃഷിവകപ്പ്, കൃഷിവിജ്ഞാൻ കേന്ദ്ര, കാർഷികസർവ്വകലാശാല എന്നിവയുടെ സഹകരണവും ഈ നേട്ടം കൈവരിക്കാൻ സഹായകരമായി.
നേരത്തെ ഖനന പ്രവർത്തനം മാത്രം നടത്തുന്ന പൊതുമേഖലാസ്ഥാപനം എന്ന ഖ്യാതിമാറി വിവിധങ്ങളായ വൈവിദ്ധ്യവൽക്കരണ പദ്ധതികളിലൂടെ പരിസ്ഥിതി സൗഹൃദ പദ്ധതികൾ മാത്രം മുന്നോട്ട് വയ്ക്കുന്ന പൊതുമേഖലാ സ്ഥാപനമായി കെ.സി..സി.പിഎൽ മാറിയതിനുള്ള സംസ്ഥാന സർക്കാരിൻ്റെ അംഗീകാരമായി ഈ അവാർഡിനെ കാണുന്നതായി കമ്പനി ചെയർമാൻ ടി.വി രാജേഷും മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണനും പറഞ്ഞു