കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍, ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ 36-ാം കേരള ശാസ്ത്ര കോണ്‍ഗ്രസിന് കാസർകോട് ഗവ കോളേജിൽ തുടക്കമായി. ഏകാരോഗ്യ കാഴ്ചപ്പാടിലൂടെ കേരള സമ്പദ് വ്യവസ്ഥയുടെ രൂപാന്തരണം എന്നതാണ് ‘ ഇത്തവണത്തെ സയന്‍സ് കോണ്‍ഗ്രസിന്റെ പ്രധാന വിഷയം. വിവിധ വിഷയങ്ങളില്‍ പ്രമുഖ ശാസ്ത്രജ്ഞരുടെ പ്രഭാഷണങ്ങള്‍, ശാസ്ത്രമേഖലയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കിയവരുടെ സ്മരണാര്‍ത്ഥമുള്ള പ്രഭാഷണങ്ങള്‍ എന്നിവയുണ്ടാകും.
സയന്‍സ് എക്സ്പോയോടെയാണ് ശാസ്ത്ര കോണ്‍ഗ്രസ് പരിപാടികള്‍ക്ക് തുടക്കമായത്.
സാങ്കേതികവിദ്യ ജനങ്ങളിലേക്ക് എത്തുമ്പോഴാണ് അതിനു പൂര്‍ണ്ണത ലഭിക്കുകയെന്ന് എക്സ്പോ ഉദ്ഘാടനം ചെയ്ത എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ശാസ്ത്രം പ്രചരിപ്പിക്കുന്നതിന് എക്സ്പോകള്‍ നല്ലൊരു ഉപാധിയാണ്. നമ്മുടെ ജില്ലയിലാണ് ഏറ്റവും പ്രഗത്ഭരായിട്ടുള്ള വിദ്യാര്‍ത്ഥികള്‍ ഉള്ളത്. വളര്‍ന്നുവരുന്ന യുവ ശാസ്ത്ര പ്രതിഭകള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടമാക്കാനുള്ള ഒരു വേദി കൂടിയാണ് ശാസ്ത്ര കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.
കെ.എസ്.സി.എസ്.ടി.ഇ (കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍) മെമ്പര്‍ സെക്രട്ടറി ഡോ.എസ് പ്രദീപ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.ഡബ്ല്യു.ആര്‍.ബി.എം ഡയറക്ടരും സംഘാടകസമിതി കണ്‍വീനറുമായ ഡോ മനോജ് സാമുവല്‍, നാറ്റ് പാക്ക് ഡയറക്ടര്‍ സാംസണ്‍, കെ.എസ്.സി.എസ്.ടി.ഇ ശാസ്ത്രജ്ഞര്‍, ഗവണ്‍മെന്റ് കോളേജ് അധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമായി. ഗവണ്‍മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ വി.എസ്.അനില്‍കുമാര്‍ സ്വാഗതവും എക്‌സിബിഷന്‍ കമ്മിറ്റി കണ്‍വീനര്‍ ജി.കെ.അമ്പിളി നന്ദിയും പറഞ്ഞു.