നീലേശ്വരം: അനധികൃത മത്സ്യ ബന്ധനം നടത്തുകയായിരുന്ന കർണാടക ബോട്ട് കോസ്റ്റൽ പൊലിസ് , മറൈൻ എൻഫോഴ്സ്മെൻ്റ്, ഫിഷറീസ് വകുപ്പ് എന്നിവർ സംയുക്തമായി നടത്തിയ രാത്രികാല പെട്രോളിംഗിൽ പിടികൂടി. ഇവരിൽനിന്ന് 2.5 ലക്ഷം രൂപ പിഴ ഈടാക്കി കഴിഞ്ഞദിവസം രാത്രി നീലേശ്വരം തീരത്ത് നിന്ന് 10 നോട്ടിക്കൽ മൈലിനുള്ളിൽ തീരത്തോട് ചേർന്ന് രാത്രിക്കാല ട്രോളിങ്ങ് നടത്തിയതിന് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരമാണ് നടപടി. കർണാടകയിൽ നിന്നുള്ള സാഗർ കുസും ബോട്ട് ഉടമക്കെതിരെയാണ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ എ ലബീബ് പിഴ വിധിച്ചത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ തസ്നിമ ബീഗത്തിൻ്റെ നിർദ്ദേശ പ്രകാരം കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ മത്സ്യഭവൻ ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാരയ കെ.എസ് ടെസ്സി, എസ് .ഐശ്വര്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോട്ട് പിടികൂടിയത്.മറൈൻ എൻഫോഴ്സ്മെൻ്റ് വിംഗിലെ കെ വി ശരത്ത് കുമാർ തൃക്കരിപ്പൂർ കോസ്റ്റൽ പൊലിസ് സ്റ്റേഷനിലെ രതീഷ് ബേക്കൽ കോസ്റ്റൽ പൊലിസ് സ്റ്റേഷനിലെ ബൈജു, കുമ്പള കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സനൂപ്, സീ റെസ്ക്യു ഗാർഡ്മാരായ മനു, സേതുമാധവൻ, അജീഷ് കുമാർ, ശിവകുമാർ, സ്രാങ്ക് വിനോദ് എഞ്ചിൻ ഡ്രൈവർ കണ്ണൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. നിയമലംഘനം നടത്തി കേരള തീരത്ത് മത്സ്യബന്ധനം നടത്തുന്ന ബോട്ടുകൾക്ക് എതിരെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.