കാഞ്ഞങ്ങാട്: റെയിൽവെ സ്റ്റേഷൻ റോഡിലും സ്റ്റേഷനിലേക്കുള്ള വഴികളിലും നിലവിലുള്ള തടസ്സങ്ങൾ നീക്കാനും സ്റ്റേഷൻ പരിസരത്ത് കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ ഒഴിവാക്കി പരിസരശുചീകരണത്തിനും നഗര വികസന കർമ്മ സമിതി രംഗത്ത്. റെയിൽവെ സ്റ്റേഷൻ റോഡിലെത്താൻ നിലവിൽ ഒട്ടേറെ തടസ്സങ്ങളുണ്ട്. സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വഴികളാണ് ഇപ്പോൾ സ്റ്റേഷനിലെത്തുന്നവർ പ്രധാനമായും ആശ്രയിക്കുന്നത്.
ഇതിന് തടസ്സങ്ങൾ നീക്കം ചെയ്ത് സ്റ്റേഷൻ റോഡുമായി ബന്ധിപ്പിക്കുന്ന പുതിയ പാത കണ്ടെത്താനാണ് കർമ്മസമിതി ശ്രമിക്കുന്നത്. ഒപ്പം പൊതുജനാരോഗ്യത്തെ കാര്യമായി ബാധിക്കുന്ന മാലിന്യക്കൂമ്പാരങ്ങൾ ഒഴിവാക്കുകയും വേണം.
ഇതിനുള്ള സാധ്യതകൾ ആരായാനും സ്ഥലം വിട്ടുകിട്ടുന്നതിനുള്ള നീക്കങ്ങൾ നടത്താനുമായി കർമ്മസമിതി ചെയർമാൻ അഡ്വ. പി. അപ്പുക്കുട്ടൻ, ജനറൽ കൺവീനർ സി.കെ. ആസിഫ്, വൈസ് ചെയർമാൻ സി. യൂസഫ് ഹാജി, ടി. മുഹമ്മദ് അസ്്ലം, ഏ. ദാമോദരൻ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, ഏ. ഹമീദ് ഹാജി, ടി.കെ. നാരായണൻ, കെ. മുഹമ്മദ്കുഞ്ഞി, എം. കുഞ്ഞികൃഷ്ണൻ, പി. മഹേഷ്, ആസിഫ് മെട്രോ, സി. മുഹമ്മദ്കുഞ്ഞി, സി.ഏ. പീറ്റർ, അമൃതബാബു എന്നിവർ സ്റ്റേഷൻ റോഡിലും പരിസരവും വിശദമായ പരിശോധന നടത്തി.
നഗരസഭയുടെയും റെയിൽവെയുടെയും അധികൃതരുമായും സ്ഥലമുടമസ്ഥരായ സ്വകാര്യ വ്യക്തികളെയും നേരിൽക്കണ്ട് സംസാരിച്ച് പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് കർമ്മസമിതി ചെയർമാൻ പി. അപ്പുക്കുട്ടനും ജനറൽ കൺവീനർ സി.െക. ആസിഫും സി. യൂസഫ് ഹാജിയും സ്ഥല പരിശോധനനയ്ക്ക് ശേഷം അറിയിച്ചു. സ്ഥലം ഉടമകളെ നേരിൽക്കണ്ട് ആശയ വിനിമയത്തിന് ഇന്ന് മുതൽ തുടക്കം കുറിച്ചു.