കാഞ്ഞങ്ങാട്: സർവ്വേ നടപടികൾ പൂർത്തിയാവുകയും ആദായകരമാണെന്ന് കണ്ടെത്തുകയും ചെയ്ത കാഞ്ഞങ്ങാട് – പാണത്തൂർ – കാണിയൂർ റെയിൽപാത യാഥാർത്ഥ്യമാക്കുന്നതിന് ബന്ധപ്പെട്ട സംസ്ഥാന സർക്കാറുകളും കേന്ദ്ര റെയിൽവെ മന്ത്രാലയവും റെയിൽവെ ബോർഡും സത്വര നടപടികൾ കൈക്കൊള്ളുമെന്ന് കാഞ്ഞങ്ങാട് നഗര വികസന കർമ്മസമിതി യോഗം ആവശ്യപ്പെട്ടു.
ഇതിനായി സമ്മർദ്ദം ചെലുത്തുന്നതിന് ഡിസംബർ 14 ന് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.
കാണിയൂർ പാത കടന്നുപോവുന്ന കർണ്ണാടകയിലെയും കേരളത്തിലെയും പ്രദേശത്ത് നിന്നുള്ള ജനപ്രതിനിധികളെയും വിവിധ സംഘടനാ നേതാക്കളെയും കൂട്ടായ്മയിൽ പങ്കാളികളാക്കും. കാഞ്ഞങ്ങാട് റെയിൽവെ സ്റ്റേഷനെ അമൃതഭാരത് പദ്ധതിയിൽ ഉൾപ്പെടുത്താനുള്ള നടപടിയിൽ ത്വരിതപ്പെടുത്താൻ കേന്ദ്ര റെയിൽവെ മന്ത്രാലയത്തോടും റെയിൽബോർഡിനോടും യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ അഡ്വ. പി. അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ സി.കെ. ആസിഫ് റിപ്പോർട്ട് നൽകി. വൈസ് ചെയർമാൻ സി. യൂസഫ് ഹാജി വിവിധ സംഘടനാ പ്രതിനിധികളായ അഡ്വ. എം.സി.ജോസ്, കെ. മുഹമ്മദ് കുഞ്ഞി, ജോസ് കൊച്ചിക്കുന്നേൽ, കുഞ്ഞിക്കണ്ണൻ കക്കാണത്ത്, ടി. മുഹമ്മദ് അസ്്ലം, എൻ. അശോകൻ, ദാമോദരൻ, എം. കുഞ്ഞികൃഷ്ണൻ, സി. മുഹമ്മദ് കുഞ്ഞി, സി.ഏ. പീറ്റർ, പി. മഹേഷ്, ഏ. ഹമീദ് ഹാജി, ഇ.കെ.കെ. പടന്നക്കാട്, കെ.പി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.