കാറഡുക്ക സൊസൈറ്റി തട്ടിപ്പ് അന്വേഷണം ചെന്നെത്തുന്നത് വലിയ തട്ടിപ്പ് സംഘത്തിലേക്ക്. സൊസൈറ്റി സെക്രട്ടറി രതീശനില്‍ നിന്ന് പണം കൈപ്പറ്റിയ കണ്ണൂര്‍ സ്വദേശി ജബ്ബാര്‍ ഉള്‍പ്പെടുന്ന സംഘം, നിരവധി പേരെ തട്ടിപ്പിന് ഇരയാക്കി. തട്ടിപ്പ് സംഘത്തിലെ ഒന്‍പത് ആളുകളുടെ പേര് ജബ്ബാര്‍ വെളിപ്പെടുത്തി. സംഘം പണം കൈക്കലാക്കുന്നത് വിദേശത്ത് നിന്ന് വലിയ ഫണ്ട് വരാനുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ്. സംഘത്തില്‍ വിദേശത്ത് താമസിക്കുന്നവരും തമിഴ്നാട് സ്വദേശികളുമുണ്ട്.
കാറഡുക്ക സൊസൈറ്റി തട്ടിപ്പില്‍ റിമാൻഡിലായ പ്രധാന പ്രതികളെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. സൊസൈറ്റി സെക്രട്ടറി രതീശന്‍ ഉൾപ്പെടെ മൂന്ന് പേരെയാണ് കസ്റ്റഡിയില്‍ വാങ്ങുക. തിങ്കളാഴ്ച ഇതിനായുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കും. പിടിയിലായ ജബ്ബാറാണ് തട്ടിപ്പിലെ പ്രധാനിയെന്നാണ് കണ്ടെത്തല്‍. സെക്രട്ടറി രതീശന്‍ സൊസൈറ്റിയില്‍ നിന്ന് തട്ടിയെടുത്ത രണ്ട് കോടി രൂപ ജബ്ബാര്‍ മുഖേന നബീലിന്‍റെ അക്കൗണ്ടിലേക്കാണ് എത്തിയത്. കസ്റ്റഡിയിൽ കിട്ടിയാല്‍ മൂന്ന് പേരേയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം.
കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസില്‍ സൊസൈറ്റി സെക്രട്ടറി രതീശന്‍, ഇയാളുടെ റിയൽ എസ്റ്റേറ്റ് പങ്കാളി കണ്ണൂര്‍ സ്വദേശി ജബ്ബാര്‍ എന്നിവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മൂന്നാമനെക്കുറിച്ച് വിവരം കിട്ടിയത്. കോഴിക്കോട് അരക്കിണര്‍ സ്വദേശിയായ നബീല്‍ ആണ് സാമ്പത്തിക ഇടപാടുകള്‍ക്ക് ഇടനിലക്കാരന്‍ എന്നാണ് മൊഴി. ആദൂര്‍ ഇന്‍സ്പെക്ടര്‍ സഞ്ജയ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. കാറഡുക്ക സൊസൈറ്റി തട്ടിപ്പിലെ രണ്ട് കോടി രൂപ ഇയാളുടെ അക്കൗണ്ടിലെത്തിയതായി അന്വേഷണ സംഘം കണ്ടെത്തി.
കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പില്‍ പൊലീസ് കേസെടുത്തത് കഴിഞ്ഞ മാസം 13 നായിരുന്നു. രതീശന്‍ സൊസൈറ്റിയില്‍ നിന്ന് കടത്തിക്കൊണ്ട് പോയ സ്വര്‍ണ്ണം നേരത്തെ അറസ്റ്റിലായ അനില്‍കുമാര്‍, ഗഫൂർ, ബഷീര്‍ എന്നിവരുടെ സഹായത്തോടെ പണയം വച്ചിരുന്നു. ഇതില്‍ 185 പവന്‍ അന്വേഷണ സംഘം വിവിധ ബാങ്കുകളില്‍ നിന്ന് തിരിച്ചു പിടിച്ചിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ കേസ് ജില്ലാ ക്രൈം ബ്രാഞ്ചാണ് അന്വേഷിക്കുന്നത്.