
നാരായണൻ അങ്കക്കളരി
അത്യുത്തര കേരളത്തിലെ പൂരോത്സവത്തിൽ മിക്ക ക്ഷേത്രങ്ങളിലും നടക്കുന്ന പ്രധാന ചടങ്ങാണ് നേർച്ചക്കഞ്ഞി വിതരണം. സന്താനലബ്ധിക്കും, ആരോഗ്യ സൗകൃത്തിനും ഭക്തർ ക്ഷേത്രത്തിൽ നേർച്ചയായി കഴിപ്പിക്കുന്നതാണ് നേർച്ച കഞ്ഞി. പുരോത്സവത്തിൽ ക്ഷേത്രത്തിൽ നോറ്റിരിക്കുന്നവർക്കും ആചാരസ്ഥാനികന്മാർക്കും മാത്രമായി നൽകുന്ന കഞ്ഞിയായിരുന്നു മുന്പ് കാലത്ത് നേർച്ച കഞ്ഞി. ഇന്ന് അവിടെ വരുന്ന ഭക്തർക്കെല്ലാവർക്കും നേർച്ച കഞ്ഞി നൽകി വരുന്നു. വാഴത്തടയിൽ വാഴയിലയിൽ കഞ്ഞിയും, ചക്ക, നേന്ത്രക്കുല, മത്തൻ, കടല എന്നിവകൊണ്ടുണ്ടാക്കിയ എരിശ്ശേരിയും, ചക്ക വറവും, വെള്ളരിക്ക പെരക്കും, മാങ്ങ അച്ചാറും കഞ്ഞിയോടൊപ്പം നൽകും. നാടിന്റെ നാനാഭാഗത്തുനിന്നും ജാതിമത ഭേദമന്യേ നേർച്ചകഞ്ഞിക്കായി നൂറുകണക്കിന് ഭക്തർ ക്ഷേത്രത്തിൽ എത്തിച്ചേരും. പൂരം തുടങ്ങി പൂരംകുളിക്ക് തലേദിവസം വരെ നേർച്ചക്കഞ്ഞിയുണ്ടാകും.